ഫ്ലഡ് ടൂറിസം അനുവദിക്കില്ല; ജാഗ്രത തുടരണം: മന്ത്രി കെ. രാജന്‍

ഫ്ലഡ് ടൂറിസം അനുവദിക്കില്ല; ജാഗ്രത തുടരണം: മന്ത്രി കെ. രാജന്‍

August 3, 2022 Off By admin

പത്തനംതിട്ട:  ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ ഫ്‌ളഡ് ടൂറിസം അനുവദിക്കില്ലെന്നും ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി തിരുവല്ലയില്‍ നിന്നു നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇതുവരെ ജില്ലയിൽ 21 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പാലങ്ങളില്‍ നിന്നുള്ള ഫോട്ടോയെടുപ്പും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതും ‍ അനുവദിക്കില്ല. മലമ്പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ യാത്രകള്‍ കഴിവതും ഒഴിവാക്കണം. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം. 

ജില്ലയ്ക്ക് ഒരു എന്‍ഡിആര്‍എഫ് ടീമിനെ നല്‍കിയിട്ടുണ്ട്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ഈമാസം അഞ്ചുവരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം- മന്ത്രി നിർദ്ദേശം നൽകി

അപകടസാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ റിക്കവറി വാഹനങ്ങള്‍, ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും സേവനങ്ങളും ഉറപ്പുവരുത്തണം. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ട് ആവശ്യമുണ്ടെങ്കില്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യണം.

അതിവേഗം ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊലീസിന്‍റെ സഹായം തേടണം. കുരുമ്പന്‍മൂഴി ഉള്‍പ്പെടെ ഒറ്റപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി, പ്രതിസന്ധിയുണ്ടായാല്‍ നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ഒരുക്കണം. കുരുമ്പന്‍മൂഴിയില്‍ ഭക്ഷ്യധാന്യ വിതരണം ജില്ലാ സപ്ലൈ ഓഫീസര്‍ ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വെളിച്ചം, ശൗചാലയം എന്നിവ ഉറപ്പുവരുത്തണം. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ മാസം അഞ്ചു വരെ ജില്ല വിട്ടുപോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു.