വാക്‌സിൻ എടുത്തവർക്കും പേവിഷ ബാധ;  വാക്സിൻ പ്രവർത്തിക്കുംമുമ്പേ വൈറസ് തലച്ചോറിൽ എത്തിയതാണ് മരണകാരണമെന്ന് മന്ത്രി

വാക്‌സിൻ എടുത്തവർക്കും പേവിഷ ബാധ; വാക്സിൻ പ്രവർത്തിക്കുംമുമ്പേ വൈറസ് തലച്ചോറിൽ എത്തിയതാണ് മരണകാരണമെന്ന് മന്ത്രി

August 31, 2022 0 By Editor

തിരുവനന്തപുരം: പ്രതിരോധവാക്സിനെടുത്തവർപോലും പേവിഷബാധയേറ്റു മരിച്ച സാഹചര്യത്തിൽ വാക്സിന്റെ ഗുണനിലവാരപരിശോധനയ്ക്ക് സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സമിതിയെ ആരോഗ്യവകുപ്പ് നിശ്ചയിക്കും.

നിയമസഭയിൽ പി.കെ. ബഷീർ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന്റെ മറുപടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. വാക്സിൻവിതരണം കൃത്യമായി നടക്കുന്നില്ലെന്നും ഗുണനിലവാരം കുറഞ്ഞതാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ഇക്കൊല്ലം നായയുടെ കടിയേറ്റ് മരിച്ചവരിൽ നാലുപേർ വാക്സിൻ എടുത്തവരായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിൻ പ്രവർത്തിക്കുംമുമ്പേ വൈറസ് തലച്ചോറിൽ എത്തിയതാണ് മരണകാരണമെന്നും മന്ത്രി വിശദീകരിച്ചു. സെൻട്രൽ ഡ്രഗ്‌സ് ലാബിന്റെ സർട്ടിഫിക്കേഷനുള്ള മരുന്നുമാത്രമാണ് കെ.എം.എസ്.സി.എൽ. വാങ്ങുന്നത്. ഇത്തരത്തിൽ വാങ്ങിയ 50,000 വയൽ വാക്സിൻ പിൻവലിച്ചിട്ടില്ല. വീണ്ടും സർട്ടിഫിക്കേഷൻ നടത്താനായി കമ്പനിക്കയച്ചുവെങ്കിലും ഗുണനിലവാരപരിശോധന നടത്തിയതാണെന്ന് വ്യക്തമാക്കി സംസ്ഥാനത്തിന് മടക്കിത്തന്നു. വാക്സിൻ ഉപയോഗം കൂടിയപ്പോഴാണ് തമിഴ്‌നാട്ടിൽനിന്ന് 5000 വയൽ വാങ്ങിയത്. വാക്സിനെടുത്തവരും മരിച്ചതിൽ റിപ്പോർട്ട് നൽകാൻ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കും -മന്ത്രി പറഞ്ഞു.

ഇക്കൊല്ലം ഇതുവരെ സംസ്ഥാനത്ത് നായയുടെകടിയേറ്റത് 1.87 ലക്ഷം പേർക്ക്. സംസ്ഥാനത്ത് മൂന്നുലക്ഷം തെരുവുനായകളുണ്ടെന്നാണ് കണക്കെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും അറിയിച്ചു. വളർത്തുനായകൾക്ക് പ്രതിരോധകുത്തിവെപ്പും ലൈസൻസും നിർബന്ധമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.