പുരുഷ സ്വവർഗാനുരാഗികൾ മങ്കിപോക്സ് വൈറസ് വാഹകരെന്ന് മുദ്രകുത്തൽ ; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ സ്വവർഗാനുരാഗികൾ മടിക്കുന്നു

മുംബൈ: മങ്കിപോക്സ് വൈറസ് വാഹകരെന്ന് മുദ്രകുത്തി പഴിക്കുന്നത് കാരണം പുരുഷ സ്വവർഗാനുരാഗികൾ പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ട്.

പങ്കാളികൾ വൈറസ് വാഹകരായിരുന്നിട്ടും മുംബൈയിൽ രണ്ട് പുരുഷന്മാർ ടെസ്റ്റ് നടത്താൻ വിസമ്മതിച്ചതായി ഡോക്ടർ ഇഷ്വാർ ഗിൽഡ വെളിപ്പെടുത്തി. 1986ൽ എയ്ഡ്സ് രോഗ ചികിത്സക്കായി ഇന്ത്യയിൽ ആദ്യത്തെ ക്ലിനിക് സ്ഥാപിച്ച ഡോക്ടറാണ് ഇഷ്വാർ ഗിൽഡ. മുംബൈയിലേത് ഒറ്റപ്പെട്ട കേസല്ല. പുരുഷ സ്വവർഗാനുരാഗികളിൽനിന്ന് ഇനിയുമുയർന്നേക്കാവുന്ന രോഗ കണക്കുകൾ ഭയന്നും സ്വന്തം ലൈംഗിക ആഭിമുഖ്യത്തിന്‍റെ പേരിൽ സമൂഹം പഴിക്കുന്നതും മനസ്സിലാക്കി കൂടുതൽ ആളുകൾ ഇത്തരത്തിൽ പിൻവലിയുന്നുണ്ടെന്നും ഗിൽഡ പറഞ്ഞു.

രണ്ട് മാസം മുമ്പാണ് ഇന്ത്യയിൽ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചത്. മനുഷ്യർ തമ്മിൽ ഏറ്റവും അടുത്തിടപഴകുമ്പോഴാണ് മങ്കിപോക്സ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് തന്നിരുന്നതാണ്. മങ്കിപോക്സിനെ കുറിച്ച് നടത്തിയ പഠനങ്ങളിൽ വ്യക്തികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് രോഗവ്യാപനത്തിൽ സാരമായ പങ്കുണ്ടെന്നും പുരുഷ സ്വവർഗാനുരാഗികളിലാണ് രോഗബാധ കൂടുതൽ സ്ഥീരീകരിച്ചതെന്നും തെളിഞ്ഞു.

ഇത് ഗേ, ബൈസെക്ഷ്വൽ ആളുകളെ ഒറ്റപ്പെടുത്തുന്നതിനും മങ്കിപോക്സ് വ്യാപനത്തിൽ ഇവരാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന് പഴികേൾക്കുന്നതിനും കാരണമായി. എന്നാൽ, രോഗം ഇവരിൽ മാത്രമൊതുങ്ങുന്നതല്ലെന്നും വൈറസ് വാഹകരുമായി അടുത്തിടപഴകുന്ന ആർക്കും മങ്കിപോക്സ് വ്യാപിക്കാവുന്നതാണെന്നും ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2022ലെ രോഗത്തിന്‍റെ വരവിൽ 28,000 ആളുകളിലാണ് ഇതുവരെ രോഗം പടർന്നത്. ഇന്ത്യയിൽ നിലവിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷ തേടാൻ സ്വവർഗാനുരാഗികൾ മടിക്കുമെന്നും ഇത് മങ്കിപോക്സ് രൂക്ഷമാക്കാൻ കാരണമാകുമെന്നും ഡബ്ല്യു.എച്ച്.ഒ ജനറൽ സെക്രട്ടറി ടീട്രോ അധാനീം ഗബ്രിയേസസ് നേരത്തേ, മുന്നറിയിപ്പ് നൽകിയിരുന്നു.

ലക്ഷണങ്ങള്‍

സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് ആറു മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍, ചില സമയത്ത് ഇത് അഞ്ചു മുതല്‍ 21 ദിവസം വരെയാകാം. രണ്ടു മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്.

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകളെടുക്കണം.

Loading...

Leave a Reply

Your email address will not be published.