ടൗട്ടേ; ബാര്‍ജുകള്‍ അപകടത്തില്‍ പെട്ട്‌ 127 പേരെ കാണാതായി

May 18, 2021 0 By Editor

മുംബൈ: മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ ഒന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്നുബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നു. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബാര്‍ജ് പി305 എന്ന ബാര്‍ജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 137 പേരുളള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പെട്ടത്. ഈ ബാര്‍ജില്‍ ഉളളവരെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ബാര്‍ജ് എസ്എസ്3യില്‍ 297 പേരാണ് ഉളളത്. ഇവരേയും രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്.  ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേര്‍ ഉളള ബാര്‍ജ് P305 ഒഴുകിപ്പോയെന്നും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കണമെന്നുമുളള സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് ഐഎന്‍എസ് കൊച്ചി സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേരുകയായിരുന്നുവെന്ന് നാവിക സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരത്തോടെയാണ് മുംബൈ തീരത്ത് രണ്ടു ബാര്‍ജുകള്‍ അപകടത്തില്‍ പെട്ടത്. കൊടുങ്കാറ്റില്‍ പെട്ട ഇവ ഒഴുകി നടക്കുന്ന ഒരു സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നാവിക സേനയുടെ രണ്ടു യുദ്ധകപ്പലുകള്‍ രക്ഷാപ്രവര്‍ത്തിന് വേണ്ടി തിരിച്ചു. ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുളളത്.