രണ്ട് കോടിയുടെ ഇൻഷ്വറൻസ് എടുത്തയാൾക്ക് ആദ്യ പ്രീമിയമടച്ച് മൂന്നാം മാസം കരൾ രോഗം, മരിച്ചയാൾക്ക് പലിശയുൾപ്പടെ മുഴുവൻ തുകയും നൽകാൻ ഉത്തരവിട്ട് കോടതി

രണ്ട് കോടിയുടെ ഇൻഷ്വറൻസ് എടുത്തയാൾക്ക് ആദ്യ പ്രീമിയമടച്ച് മൂന്നാം മാസം കരൾ രോഗം, മരിച്ചയാൾക്ക് പലിശയുൾപ്പടെ മുഴുവൻ തുകയും നൽകാൻ ഉത്തരവിട്ട് കോടതി

August 30, 2022 0 By Editor

ആലപ്പുഴ: രോഗം ബാധിച്ച് മരിച്ച ഗൃഹനാഥന്റെ ഇൻഷ്വറൻസ് പോളിസിയിൽ ഭാര്യയ്ക്ക് രണ്ടു കോടി രൂപയും പലിശയും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. ക്ലെയിം അനുവദിക്കാത്തതിനെതിരെ ആലപ്പുഴ തത്തംപള്ളി ചേരമാൻകുളങ്ങര വട്ടത്തറയിൽ പരേതനായ ആന്റണി ചാക്കോയുടെ ഭാര്യ ജോസ്മി തോമസ് നൽകിയ പരാതിയിലാണ് ഫോറം പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, മെമ്പർ പി.ആർ. ഷോളി എന്നിവരുടെ ഉത്തരവ്.

ആന്റണി ചാക്കോ സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് രണ്ടു കോടി രൂപയുടെ സേവിംഗ്സ് പോളിസി എടുത്തിരുന്നു. 23 വർഷത്തെ പോളിസിക്ക് ആദ്യ പ്രീമിയമായി 1,18,434 രൂപയും നൽകി. എന്നാൽ മൂന്നാമത്തെ മാസം ആന്റണിക്ക് കരൾരോഗം കണ്ടെത്തി. തുടർന്ന് കരൾ മാറ്റിവച്ചെങ്കിലും മരിച്ചു.

അതിനിടെ ഇൻഷ്വറൻസ് തുകയ്ക്കായി കമ്പനിയെ സമീപിച്ചെങ്കിലും രോഗം മറച്ചുവച്ച് പോളിസിയെടുത്തെന്നാരോപിച്ചു തുക നൽകിയില്ല. ഇതേത്തുടർന്നാണ് അഭിഭാഷകരായ വി. ദീപക്, അനീഷ് ഗോപിനാഥ് എന്നിവർ മുഖേന ജോസ്മി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.