ജെസ്‌ന തിരോധാനം ദൃശ്യം മോഡലില്‍: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

ജെസ്‌ന തിരോധാനം ദൃശ്യം മോഡലില്‍: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

June 21, 2018 0 By Editor

കോട്ടയം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പുതിയ സാധ്യതകള്‍ പരിശോധിക്കുന്നു. കേസില്‍ ‘ദൃശ്യം മോഡല്‍’ സാധ്യതയും പോലീസ് പരിശോധിക്കുന്നു എന്ന് സൂചന. ഇതിന്‌റെ ഭാഗമായി ജസ്‌നയുടെ അച്ഛന്‌റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്ബനി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പരിസരത്തും പോലീസ് പരിശോധന നടത്തി. എന്നാല്‍ പരിശോധന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ജെസ്‌നയുടെ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയും വിവരശേഖരണപ്പെട്ടികളില്‍ നിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങളെക്കുറിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിപുലമായി പോലീസ് അന്വഷിക്കുന്നുണ്ട്. ‘ഐ ആം ഗോയിംഗ് ടു ഡൈ’ എന്ന് ജെസ്‌ന അവസാനമായി സന്ദേശം അയച്ചിരുന്ന ആണ്‍സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തതില്‍ നിന്നും സംശയിക്കത്തക്കമായ ഒന്നും തന്നെ ലഭിച്ചിട്ടില്ലന്നാണ് പോലീസ് നിലപാട്. ജെസ്‌നയുടെ ഫോണില്‍ ആണ്‍സുഹൃത്തിനു മാത്രമായി 1,000 കോളുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. വേണമെങ്കില്‍ നുണ പരിശോധനയ്ക്ക് ഹാജരാവാനുള്ള സന്നദ്ധത ഇയ്യാള്‍ പോലീസിനെയും ജെസ്‌നയുടെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള അന്വേഷണം തുടരാന്‍ തന്നെയാണ് പോലീസിന്‌റെ തീരുമാനം.

ഇതര സംസ്ഥാനങ്ങളില്‍ ജെസ്‌നയുടെ പോസ്റ്ററുകള്‍ പതിക്കുകയും ദുരൂഹസാഹചര്യങ്ങളില്‍ പെണ്‍കുട്ടിയെ കണ്ടാല്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു ഡിജിപിമാര്‍ക്കു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി ജെസ്‌നയ്ക്കു വേണ്ടി നടത്തിയ തിരച്ചിലില്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ തിരിച്ചുവിളിച്ചു. ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ ഇനി അവലോകനം ചെയ്യും.