കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു: ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനത്തില്‍ തീരുമാനമായില്ല

August 2, 2018 0 By Editor

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശയില്‍ തീരുമാനം എടുക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. ജോസഫിന്റെ കാര്യത്തിലെ തീരുമാനം മുട്ടുന്യായങ്ങള്‍ പറഞ്ഞാണ് കേന്ദ്രം നീട്ടുന്നത്. അതേസമയം, ജോസഫിനൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ നിയമനത്തിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ.എം ജോസഫിനേയും നിയമിക്കാന്‍ ജനുവരി 10ന് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ജോസഫിന്റെ പേര് അംഗീകരിച്ചില്ല തുടര്‍ന്ന് ജൂലായ് 16ന് യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കുകയായിരുന്നു.

അഖിലേന്ത്യാ തലത്തിലുള്ള സീനിയോറിറ്റിയില്‍ 42ആം സ്ഥാനത്താണ് ജസ്റ്റിസ് കെ.എം.ജോസഫ് എന്ന് വാദമാണ് കേന്ദ്രം പ്രധാനമായും അദ്ദേഹത്തിനെതിരെ ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി ജഡ്ജിയായ ദീപക് ഗുപ്ത സീനിയോറിറ്റിയില്‍ 46 പേരെ പിന്തള്ളിയാണ് പദവിയിലെത്തിയെന്നത് കേന്ദ്രം സൗകര്യപൂര്‍വം മറക്കുകയാണ്. ജസ്റ്റിസ് കുര്യന്‍ ജോസഫ് നിലവില്‍ സുപ്രീം കോടതി ജഡ്ജിയായിനാല്‍ കെ.എം.ജോസഫിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരള ഹൈക്കോടതിക്ക് അനര്‍ഹമായ പ്രാതനിധ്യം ലഭിക്കുമെന്ന വിചിത്ര വാദവും കേന്ദ്രം ഉയര്‍ത്തുന്നുണ്ട്. ഡല്‍ഹി, ബോംബെ ഹൈക്കോടതികള്‍ക്ക് നിലവില്‍ മൂന്ന് ജഡ്ജിമാര്‍ വീതുമുള്ളപ്പോഴാണ് കേന്ദ്രത്തിന്റെ ഈ ഇരട്ടത്താപ്പ്. ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, എ.കെ.സിക്രി, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുള്ളവരും ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ ബോംബെ ഹൈക്കോടതിയില്‍ നിന്നുള്ളവരുമാണ്. മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കും നിലവില്‍ രണ്ട് വീതം ജഡ്ജിമാരുണ്ട്.