‘കേരളത്തിലെ റോഡുകളില്‍ ഒരാഴ്ച്ചയ്ക്കു ശേഷം കുഴികള്‍ പാടില്ല’; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

‘കേരളത്തിലെ റോഡുകളില്‍ ഒരാഴ്ച്ചയ്ക്കു ശേഷം കുഴികള്‍ പാടില്ല’; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

August 8, 2022 0 By Editor

കൊച്ചി: കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്കു മരണങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന റോഡുകളിലെ കുണ്ടും കുഴികളുമാണ്. ഇതിനെതിരെ കര്‍ശന നിലപാടുമായി എത്തിയിരിക്കുകയാണ് ഹൈക്കോടതി. ഒരാഴ്ച്ചയ്ക്കു ശേഷം ദേശീയപാതകളില്‍, പിഡബ്‌ള്യൂസി റോഡുകളില്‍ കുഴികള്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാതയില്ലെന്നു ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
കലക്ടര്‍മാരെ വിമര്‍ശിച്ച കോടതി, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കുഴികള്‍ കണ്ടെത്തിയാല്‍ ഉത്തരവാദികളായ എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാരോട് കോടതി നിര്‍ദ്ദേശിച്ചു. ഈ കാര്യത്തില്‍ കളക്ടര്‍ക്ക് വെറും കാഴ്ചക്കാരനായി ഇരിക്കാനാവില്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചാലക്കുടി, കൊടുങ്ങല്ലൂര്‍ ബൈപാസ്, ഒരുമനയൂര്‍ എന്നിവിടങ്ങളിലെ കുഴികളെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. അപകടങ്ങളില്‍ ഉത്തരവാദിത്തം കരാര്‍ കമ്പനിക്കെന്നും കുഴികള്‍ക്ക് കാരണം മഴയെന്നും നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു.