അതിതീവ്ര മഴ തുടരും; ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത

അതിതീവ്ര മഴ തുടരും; ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത

August 3, 2022 Off By Editor

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നൽകി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്റ്റ് നാലിന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ആഗസ്റ്റ് അഞ്ചിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്.

ആഗസ്റ്റ് ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇതോടെ മഴയുടെ ശക്തി കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 02-08-2022 മുതൽ 04-08-2022 വരെയും കർണാടക തീരങ്ങളിൽ 02-08-2022 മുതൽ 06-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 03-08-2022 രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം

2022 ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. കേരളതീരത്ത് 3.0 – 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.

അറബിക്കടലിൽ ആഗസ്റ്റ് 4 വരെ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം