സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും: കൊച്ചിയിൽ ഉണ്ടായത് ലഘു മേഘ വിസ്‌ഫോടനം

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും: കൊച്ചിയിൽ ഉണ്ടായത് ലഘു മേഘ വിസ്‌ഫോടനം

August 31, 2022 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രതവേണം. തമിഴ്നാടിന് മുകളിൽ നിലനില്കുന്ന അന്തരീക്ഷചുഴിയാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴയിൽ അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾക്കേർപ്പെടുത്തിയ വിലക്ക് കർശനമായി പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു.നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മലയോരമേഖലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നയിപ്പുണ്ട്.

കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പ്രത്യേക ചുറ്റളവില്‍ ശക്തമായ ആഘാതമേല്‍പ്പിക്കുന്ന മഴയെ കേരളം കരുതിയിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ലഘു മേഘ വിസ്ഫോടനമാണ് കൊച്ചിയെ വെള്ളത്തിലാക്കിയതെന്നാണ് വിലയിരുത്തല്‍. ഏതാനും മണിക്കൂര്‍ മാത്രമാണ് കൊച്ചിയില്‍ മഴ കനത്തു പെയ്തത്. ഇതിനകം നഗരത്തിന്റെ പല ഭാഗങ്ങളും വലിയ വെള്ളക്കെട്ടിലായി. ലഘു മേഘ വിസ്ഫോടനമാണ് ഇതിനു കാരണമായത്. ഇവ അടുത്ത രണ്ടു-മൂന്ന് ദിവസങ്ങള്‍ കൂടി ആവര്‍ത്തിച്ചേക്കാനാണ് സാധ്യതയെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി.

മേഘ വിസ്ഫോടനങ്ങള്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജും പറഞ്ഞു. എവിടെ വേണമെങ്കിലും ഇവയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലാണ് മുന്‍പിത് കൂടുതലായി അനുഭവപ്പെട്ടിരുന്നത്. ഇതില്‍ മാറ്റം വന്നുകഴിഞ്ഞു. രണ്ടു മണിക്കൂറിനുള്ളില്‍ അഞ്ചു സെന്റിമീറ്ററോ അതില്‍ക്കൂടുതലോ മഴ ലഭിക്കുന്നതാണ് ലഘു മേഘ വിസ്ഫോടനമായി വിലയിരുത്തുന്നത്. ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്ററോ അതില്‍ക്കൂടുതലോ ആണെങ്കിലത് മേഘ വിസ്ഫോടനമാകും – അദ്ദേഹം പറഞ്ഞു.