മനോരമയെ കൊന്നത് കഴുത്തിൽ കത്തികുത്തിയിറക്കി ; മൃതദേഹം പൊങ്ങിവരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടി; നിർണായക ദൃശ്യങ്ങൾ പോലീസിന്

മനോരമയെ കൊന്നത് കഴുത്തിൽ കത്തികുത്തിയിറക്കി ; മൃതദേഹം പൊങ്ങിവരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടി; നിർണായക ദൃശ്യങ്ങൾ പോലീസിന്

August 10, 2022 0 By Editor

തിരുവനന്തപുരം ∙ കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദം അലി (21) കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയതെന്നു പൊലീസ്. കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് ബംഗാളിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ റെയിൽവേ സുരക്ഷാ സേനയുടെ പിടിയിലായ ആദം അലിയെ, ചെന്നൈ സെയ്ദാപേട്ട് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയാണ് ഇന്നു രാവിലെ തലസ്ഥാനത്തെത്തിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് മനോരമയെ ആദം അലി കൊലപ്പെടുത്തിയത്.

മോഷണത്തിനായി കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ പറഞ്ഞു. മനോരമയുടെ വീടിനടുത്ത് നിർമാണം നടക്കുന്ന വീടിന്റെ ജോലിക്കായാണ് ആദം അലി ഉൾപ്പെടെ 5 ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയത്. ഒരു മാസത്തോളം മനോരമയുടെ വീട്ടിൽ വെള്ളമെടുക്കാൻ വന്നിരുന്നതിനാൽ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. മനോരമയുടെ ഭർത്താവ് വർക്കലയിലുള്ള മകളുടെ വീട്ടിൽപോയ സമയത്താണ് വീടിന്റെ പിന്നിൽവച്ച് കൊല നടത്തിയത്.

മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റിൽ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടി. ആദം അലി മനോരമയുടെ വീട്ടുവളപ്പിൽ നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ആദം അലിയുടെ കൂടെയുണ്ടായിരുന്നവർക്കു കൊലപാതകത്തിൽ പങ്കുള്ളതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്ന് കമ്മിഷണർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

പബ്ജി കളിയിൽ തോറ്റപ്പോൾ ആദം അലി ഫോൺ അടിച്ചു പൊട്ടിച്ചതായി പൊലീസിനു വിവരം ലഭിച്ചു. മുൻപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ബംഗാളിൽ അന്വേഷണം നടത്തുന്നുണ്ട്. ആധാർ കാർഡ് അനുസരിച്ച് പ്രതിയും കൂടെയുണ്ടായിരുന്നവരും ബംഗാള്‍ സ്വദേശികളാണ്. ഒന്നര മാസം മുൻപാണ് സുഹൃത്ത് ദീപക്കിന്റെ സഹായത്തോടെ തിരുവനന്തപുരത്തെ കെട്ടിടനിർമാതാവിന്റെ കീഴിൽ ജോലിക്കു കയറിയത്. വളരെ ചെറുപ്പത്തിൽ തന്നെ കേരളത്തിൽ ജോലി തേടിയെത്തിയ ആദം അലി കൊല്ലം, പാലക്കാട് ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്.

kesavadasapuram-manorama-murder-case