തമിഴ്‌നാട്ടിലെ കൊലയാളി കാട്ടാന നിലമ്പൂരിൽ!

തമിഴ്‌നാട്ടിലെ കൊലയാളി കാട്ടാന നിലമ്പൂരിൽ!

December 20, 2020 0 By Editor

മലപ്പുറം: തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ നിരവധി പേരെ കൊലപ്പെടുത്തിയ അപകടകാരിയായ കാട്ടാന നിലമ്പൂര്‍ മുണ്ടേരിയിലെത്തിയതായി സംശയം. വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന മുണ്ടേരി ഉള്‍വന മേഖലയില്‍ ആണ് ഒറ്റക്കൊമ്പനെ കണ്ടതായി വിവരം ലഭിച്ചിരിക്കുന്നത്.

മുണ്ടേരി ഉള്‍വനത്തില്‍ ഉള്ള ഇരുട്ടുകുത്തി, കുമ്പളപ്പാറ മേഖലയില്‍ ആനയെ കണ്ടുവെന്നാണ് ആദിവാസികള്‍ പറയുന്നത്.അതേസമയം നിബിഡ വന മേഖലയില്‍ വെച്ച്‌ ആനയെ മയക്കുവെടി വെച്ച്‌ പിടികൂടുക എളുപ്പം അല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനയുണ്ടെന്ന് കരുതുന്ന ഈ മേഖലക്ക് 8 കിലോമീറ്റര്‍ അകലെയാണ് റോഡ്. രണ്ട് തവണ പുഴ കടന്ന് പോകണം. അതിന് ശേഷം കൊടും കാടാണ്. ഡ്രോണ്‍ ഉപയോഗിച്ച്‌ പോലും നിരീക്ഷണം നടത്താന്‍ ഇവിടെ സാധിക്കില്ല. തുറസായ സ്ഥലത്ത് വച്ച്‌ മാത്രമേ ഡ്രോണ്‍ ക്യാമറ വഴി ആനയെ തിരിച്ചറിയാന്‍ പറ്റൂ. ആന മദപ്പാടില്‍ ആണെന്ന് വനം വകുപ്പ് പറയുന്നു. അക്രമാസക്തനായ ആനയുടെ അടുത്ത് പോകുക എളുപ്പം അല്ല. കുമ്പളപ്പാറ മേഖലയില്‍ 15 ഓളം ആദിവാസി കുടുംബങ്ങള്‍ ആണ് ഉള്ളത്. ഇവരോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.