കോടിയേരിയുടെ മൃതദേഹം തലശ്ശേരിയിലെത്തിച്ചു; സഖാവിനെ കാണാൻ ജനപ്രവാഹം

കോടിയേരിയുടെ മൃതദേഹം തലശ്ശേരിയിലെത്തിച്ചു; സഖാവിനെ കാണാൻ ജനപ്രവാഹം

October 2, 2022 0 By Editor

കണ്ണൂർ: പിറന്ന മണ്ണിലേക്ക്, കോടിയേരി ബാലകൃഷ്ണന്റെ അവസാന വരവ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ചു. രാവിലെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ചത്.

‌മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യാഭിവാദ്യം അർപ്പിക്കാൻ ടൗൺ ഹാളിലെത്തി. നൂറുകണക്കിന് ആളുകളാണു പ്രിയ സഖാവിനെ കാണാൻ വഴിയോരങ്ങളിൽ കാത്തുനിന്നത്. ടൗൾ ഹാളിലേക്കു ജനപ്രവാഹമാണ്. കണ്ണൂർ വിമാനത്താവളത്തിൽ ‍സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മ‍ൃതദേഹം ഏറ്റുവാങ്ങിയത്. 14 ഇടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടായിരുന്നു. ടൗൺ ഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടിൽ എത്തിക്കും.
തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനം. ശേഷം വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാൻക്രിയാസിലെ അർബുദരോഗം മൂർഛിച്ചതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിച്ചത്.