സമരം നേരിടാന്‍ ബദൽ മാർഗവുമായി കെഎസ്ആര്‍ടിസി

സമരം നേരിടാന്‍ ബദൽ മാർഗവുമായി കെഎസ്ആര്‍ടിസി

September 30, 2022 Off By admin

തിരുവനന്തപുരം: ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാല സമരത്തിന് കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ബദൽ മാർ​ഗവുമായി കെഎസ്ആർടിസി. സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് തയ്യാറാക്കുന്നു.

ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കുന്നത്. കാലാവധി കഴിഞ്ഞ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള താൽപ്പര്യമുള്ളവർ, പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്രയും വേഗം അടുത്തുള്ള കെ.എസ്.ആർ.ടി.സി യൂണിറ്റുമായി ബന്ധപ്പെടണമെന്ന് സി.എം.ഡി അറിയിച്ചു. ഒരു ഡ്യൂട്ടിക്ക് 715 രൂപ എന്ന ദിവസ വേതന വ്യവസ്ഥയിലും, നിലവിൽ പ്രഖ്യാപിച്ച സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന പൊതു താത്പര്യാർത്ഥവുമാണ് ബദൽ മാർ​ഗമെന്ന നിലയിൽ ഇത്തരക്കാരെ നിയോ​ഗിക്കുന്നത്.

വരും ദിവസങ്ങളിൽ പൂജ, നവരാത്രി അവധി ദിനങ്ങൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന കനത്ത തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കാതെ പതിവുപോലെ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി ഇത്തരമൊരു ബദൽ സംവിധാനം ഒരുക്കുന്നത്. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാകാതിരിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ജീവനക്കാരെയും ബസുകളെയും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കും സുഗമമായ നടത്തിപ്പിനും പോലീസ്/ ജില്ലാ ഭരണകൂടങ്ങളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്നും സിഎംഡി പറഞ്ഞു.