മലബാറില്‍ കനത്ത നാശം വിതച്ച് കാലവര്‍ഷം: ഉരുള്‍പ്പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു, 9 പേരെ കാണാതായി, 4 വീടുകള്‍ വെള്ളത്തിനടിയില്‍

June 14, 2018 0 By Editor

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടലില്‍ മരണവും വന്‍ നാശനഷ്ടവും. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍ന(9)യും സഹോദരനും മറ്റൊരു കുട്ടിയുമാണ് മരിച്ചത്. ഇവിടെ 9 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അബ്ദുല്‍ സലീമിന്റെതടക്കം രണ്ട് കുടുംബത്തിലെ അംഗങ്ങളെയാണ് കാണാതായത്. പലരും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. വയനാട് പൊഴുതന ആറാം മയിലില്‍ മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ദേശീയ ദുരന്തനിവാരണ സേന ഇന്ന് ജില്ലയില്‍ എത്തും. ജില്ലാ കളക്ടര്‍ യു.വി ജോസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുള്‍പൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

മലപ്പുറം എവടണ്ണയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളും കൃഷിയും ഒഴുകി പോയി. കാരശേരി തണ്ണിപ്പടിയിലും കക്കയം അങ്ങാടിക്ക് സമീപവും ബാലുശേരി മങ്കയത്തും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം സ്തംഭിച്ചു.

ലക്കിടി അറമലയിലുണ്ടായ മണ്ണിടിച്ചിലില്‍ അറമല സ്വദേശി കെ.ടി.അസീസിനു പരിക്കേറ്റു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നിലംപൊത്തിയ വീട്ടിനുള്ളില്‍ അസീസ്, ഭാര്യ ആയിഷ, മക്കളായ സവാഫ്, ശമീല്‍ എന്നിവര്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പുറത്തെത്തിച്ചത്. കാലിനു പരിക്കേറ്റ അസീസിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട്ടിപ്പാറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാരുടെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. രണ്ടു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണെന്ന് പ്രാഥമിക വിവരം.

കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തെ രക്ഷപ്പെടുത്തി. പണി നടന്നു കൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് ഷെഡില്‍ താമസിക്കുകയായിരുന്ന കരിഞ്ചോല സ്വദേശി പ്രസാദും കുടുംബവുമാണ് അപകടത്തില്‍ ഒഴുക്കില്‍പ്പെട്ടു. ഇവര്‍ താമസിച്ചിരുന്ന താല്‍കാലിക ഷെഡും വളര്‍ത്തു മൃഗങ്ങളും ഒലിച്ചു പോയി. ഈങ്ങാപ്പുഴ, നെല്ലാപ്പളി, പുനൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. പുതുപ്പാടി പാറശേരി പ്രദേശം വെള്ളത്തിനടിയിലായി. വാഴ അടക്കമുള്ള കൃഷികള്‍ നശിച്ചു.

കാരാപ്പുഴ അണക്കെട്ടിന്റെയും തൃശൂര്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിന്റെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കക്കയം അണക്കെട്ടിന്റെ ഷട്ടര്‍ ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിലും താമരശേരിയിലെ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.