പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടിയുമായി മാണി സി കാപ്പന്‍; 10 അംഗ ഉന്നത അധികാര സമിതി രൂപീകരിച്ചു

February 16, 2021 0 By Editor

കൊച്ചി: എന്‍സിപി വിട്ട മാണി സി കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പത്തംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു.മാണി സി കാപ്പന്‍ ആണ് ചെയര്‍മാന്‍.ബാബുകാര്‍ത്തികേയന്‍, സലീം പി മാത്യൂ, എം ആലിക്കോയ,പി ഗോപിനാഥ്, സുള്‍ഫിക്കര്‍ മയൂരി, ബാബു തോമസ്, കടകംപിള്ളി സുകു, പ്രദീപ് പാറപ്പുറം, സാജു എം ഫിലിപ്പ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടിയായി രൂപികരിക്കാനുള്ള നടപടിയും യോഗം ആരംഭിച്ചു.പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി എന്നിവ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുൻപാകെ രജിസറ്റര്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചു.

എന്‍സിപി കേരള എന്ന പേരിനാണ് മുന്‍തൂക്കം നല്‍കുന്നത്.എന്നാല്‍ ഇതിനെതിരെ എന്‍സിപി എതിര്‍പ്പുയര്‍ത്താനുള്ള സാധ്യതയും ഉണ്ട്.പുതിയ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്തായിരിക്കും തുറക്കുക.ഒപ്പം14 ജില്ലകളില്‍ ജില്ല കമ്മിറ്റി ഓഫീസ് തുറക്കുവാനും യോഗം തീരുമാനിച്ചു.

ഘടക കക്ഷിയായി തന്നെ യുഡിഎഫില്‍ എത്താനുള്ള സാധ്യതയാണുള്ളത്.പാലായ്ക്ക് പുറമേ രണ്ടു സീറ്റുകള്‍ കൂടി വേണമെന്ന ആവശ്യമാണ് മാണി സി കാപ്പന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോടും യുഡിഎഫിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.പാലാ കൂടാതെ കായംകുളവും മലബാറില്‍ ഒരു സീറ്റുമാണ് ആവശ്യം. എലത്തൂരോ അതല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു സീറ്റോ വേണമെന്നാണ് ആവശ്യം.കായം കുളം ലഭിച്ചാല്‍ സുള്‍ഫിക്കര്‍ മയൂരി ആയിരിക്കും സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചന.മലബാര്‍ മേഖലിയില്‍ സീറ്റു ലഭിച്ചാല്‍ ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. ഒന്നിലധികം പേരുകള്‍ അവിടേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.മാണി സി കാപ്പനെ പിന്തുണയ്ക്കുന്നവരുടെ യോഗം അടുത്ത ദിവസം ജില്ലകള്‍ തോറും വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം. ഇതിനു ശേഷം ജില്ലാ തലങ്ങളില്‍ 10 അംഗ കോര്‍ കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.