കുരങ്ങ് വസൂരിയെന്ന് (മങ്കിപോക്സ്) സംശയം; യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് മന്ത്രി

കുരങ്ങ് വസൂരിയെന്ന് (മങ്കിപോക്സ്) സംശയം; യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് മന്ത്രി

July 14, 2022 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു.

യുഎഇയിൽനിന്ന് കേരളത്തിൽ എത്തിയ ആളാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ.

കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ൽ കോംഗോയിലാണ് മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കൻപോക്സിനു സമാനമായ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. പരോക്ഷമായി രോഗികളുമായി സമ്പർക്കമുണ്ടായവർ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം.