പ്രളയം: 10,000 രൂപ അനുവദിച്ച സർക്കാർ നടപടിക്കെതിരെ ലോക് അദാലത് വിധി

പ്രളയം: 10,000 രൂപ അനുവദിച്ച സർക്കാർ നടപടിക്കെതിരെ ലോക് അദാലത് വിധി

July 29, 2022 Off By admin

മൂവാറ്റുപുഴ: പ്രളയത്തിൽ സർവതും നഷ്ടമായ കുടുംബത്തിനു 10,000 രൂപ മാത്രം അനുവദിച്ച സർക്കാർ നടപടിക്കെതിരെ ലോക് അദാലത് വിധി. കുടുംബത്തിന് ഉണ്ടായ നാശനഷ്ടങ്ങൾക്ക് 40,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ലോക് അദാലത് ഉത്തരവ്. വെള്ളൂർകുന്നം വല്മീകത്തിൽ ബി. അമ്പിളിയുടെ പരാതിയിലാണ് നടപടി.

2018ലെ പ്രളയത്തിൽ മൂവാറ്റുപുഴയാറിനു സമീപം അമ്പിളിയും കുടുംബവും താമസിക്കുന്ന വീട് വെള്ളത്തിൽ മുങ്ങിയിരുന്നു. 14 അടി ഉയരത്തിൽ പരന്നൊഴുകിയ വെള്ളത്തിനു നടുക്ക് ഒമ്പത് ദിവസം കുടുംബാംഗങ്ങളും മൃഗ സംരക്ഷണ സംഘടനയുടെ അന്തേവാസികളായ 37 നായ്ക്കളും ടെറസിനു മുകളിലാണ് താമസിച്ചത്. ഗൃഹോപകരണങ്ങളും വസ്ത്രവും അടക്കം വിലപ്പെട്ടതെല്ലാം പ്രളയത്തിൽ നഷ്ടമായി.

പുതിയതായി പണിതുകൊണ്ടിരുന്ന വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. നഷ്ടപരിഹാരമായി ആദ്യം അനുവദിച്ച 10,000 രൂപ മാത്രമാണ് അമ്പിളിക്ക് ലഭിച്ചത്.തുടർന്നു നഷ്ടപരിഹാരം കണക്കാക്കുന്നതിനു പരിശോധനകൾ നടത്തിയെങ്കിലും കുടുംബത്തിനു പണം അനുവദിച്ചില്ല. തുടർന്ന് നഗരസഭക്കും കലക്ടർക്കും പരാതി നൽകിയത്. പരിശോധനക്ക് എത്തിയപ്പോൾ ആവശ്യമായ രേഖകൾ കാണിക്കാത്തതിനാൽ നഷ്ടപരിഹാരം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.

എന്നാൽ, അത്തരം ഒരു പരിശോധനക്കായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അപേക്ഷക്കൊപ്പം നൽകിയ രേഖകളുടെ ഒറിജിനൽ കാണിക്കാൻ വിമുഖത കാണിച്ചിട്ടില്ലെന്നും അമ്പിളി പറഞ്ഞു.ഇക്കാര്യം ചൂണ്ടിക്കാണിച്ച് ലോക്അദാലത്തിൽ നൽകിയ പരാതിയെ തുടർന്നാണ് 40,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.നഷ്ടപരിഹാരം നൽകുന്നതിനുള്ള ലോക് അദാലത്തിന്റെ വിധി നടപ്പാക്കുന്നതിനു സർക്കാർ നിർദേശം ഇല്ലെന്നാണ് നഗരസഭ അധികാരികളുടെ വിശദീകരണം.