നാടിനെ അപമാനിക്കുന്നത് മുഖ്യമന്ത്രിയാണ്, കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടിയാണ് നിരന്തരം മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത്: രമേശ് ചെന്നിത്തല

May 30, 2018 0 By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയ നിലയിലായിരുന്നെന്നും സംസ്ഥാനത്തുണ്ടായ ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണെന്നും ചെന്നിത്തല പ്രതികരിച്ചു. ഈ പ്രശ്‌നങ്ങള്‍ക്ക് മറ്റാരെയും കുറ്റപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ല. തന്റെ കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടിയാണ് അദ്ദേഹം നിരന്തരം മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുന്നത്. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ല മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ അത് നിങ്ങളുടെ മേധാവികള്‍ പറഞ്ഞിട്ടുള്ള ചോദ്യമാണോ എന്ന് ചോദിക്കുന്നത് തന്നെ മാധ്യമ പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണ്. വിഡ്ഡിത്തം വിളമ്പുന്നതില്‍ കേമനാണ് മുഖ്യമന്ത്രി. അദ്ദേഹം ആ കസേരയിലിരിക്കാന്‍ യോഗ്യനല്ല എന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇ.എം.എസിനെ പോലെയുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് പിണറായി വിജയന്‍ ഇരിക്കുന്നത് എന്നതില്‍ തനിക്ക് വലിയ അനുതാപമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.