ജോലി ഒഴിവാക്കി ആഘോഷം സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ്  ധിക്കാരം നിറഞ്ഞ പ്രതിഷേധം

ജോലി ഒഴിവാക്കി ആഘോഷം സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ധിക്കാരം നിറഞ്ഞ പ്രതിഷേധം

September 4, 2022 0 By Editor

തിരുവനന്തപുരം ∙ ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

ഒരുനേരത്തെ ആഹാരത്തിനായി ഒട്ടേറെപ്പേർ കാത്തിരിക്കുമ്പോഴാണു ധിക്കാരം നിറഞ്ഞ ഈ പ്രതിഷേധമെന്നാണു വിമർശനം. കഴിക്കാനായി തയാറാക്കിയ ഓണസദ്യ, മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫിസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം.

ഓഫിസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതാണു ജീവനക്കാരെ ചൊടിപ്പിച്ചത്.

ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണു മുപ്പതോളം പേർക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയന്റെ ന്യായീകരണം.