ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്ക് കണ്‍സ്യൂമര്‍ഫെഡും

June 27, 2018 0 By Editor

കല്‍പറ്റ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിറ്റഴിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. പിന്നീട് മറ്റ് ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കും.

ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്ക് ഉള്ള സാധനങ്ങള്‍ വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വാഹനത്തില്‍ വീട്ടിലെത്തിക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. തുടര്‍ന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. വരുംവര്‍ഷങ്ങളിലെ വിറ്റുവരവില്‍ 10 ശതമാനമെങ്കിലും ഓണ്‍ലൈന്‍ വിപണനത്തിലൂടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.

അതിനാല്‍, ഓരോ ജില്ലയിലും ചുരുങ്ങിയതു 10 വില്‍പനകേന്ദ്രങ്ങളെയെങ്കിലും ഓണ്‍ലൈന്‍ വിപണനശൃംഖലയുമായി ബന്ധിപ്പിക്കും. കൂടാതെ, സംസ്ഥാനത്തെ 57 മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും.