പി. സദാശിവത്തെ സ്ഥലം മാറ്റി കല്യാണ്‍ സിംങ് കേരളാ ഗവര്‍ണര്‍ ആയേക്കും

പി. സദാശിവത്തെ സ്ഥലം മാറ്റി കല്യാണ്‍ സിംങ് കേരളാ ഗവര്‍ണര്‍ ആയേക്കും

May 16, 2018 0 By Editor

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ അടുത്ത ലക്ഷ്യം കേരളമാക്കി ബി.ജെ.പി. സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് മൂക്കുകയറിടാന്‍ കടുത്ത ആര്‍.എസ്.എസുകാരനും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്, യു.പിയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് കല്‍ രാജ് മിശ്ര എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. പുതുച്ചേരി ലഫ്.ഗവര്‍ണ്ണര്‍ കിരണ്‍ ബേദിയും പരിഗണനയിലുണ്ടെങ്കിലും സംഘപരിവാര്‍ നേതാവ് തന്നെ വേണം പിണറായി സര്‍ക്കാറിനെ നിലക്ക് നിര്‍ത്താനെന്ന ആര്‍.എസ്.എസ് നിലപാട് ആ സാധ്യതക്ക് വിഘാതമാണ്.

ത്രിപുര പിടിച്ചതോടെ ഇനി അവശേഷിക്കുന്ന കമ്യൂണിസ്റ്റുകളുടെ തുരുത്ത് കേരളം മാത്രമാണെന്നും പുതിയ ഗവര്‍ണ്ണര്‍ വരുന്നതോടെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം വരുമെന്നുമുള്ള കണക്ക് കൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ഭരണത്തെ കര്‍ശനമായി ‘നിയന്ത്രിക്കുന്ന’ ഗവര്‍ണ്ണറായിരിക്കും അടുത്തതായി കേരളത്തില്‍ വരിക എന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ പി. സദാശിവത്തിന് സംസ്ഥാന സര്‍ക്കാറിനെതിരെ ഒരു പരിധിക്കപ്പുറം കടുപ്പിച്ച് നിലപാട് സ്വീകരിക്കാന്‍ കഴിയില്ലന്ന തിരിച്ചറിവിലാണ് അദ്ദേഹത്തെ മാറ്റുന്നത്. സദാശിവത്തിന് കേരളത്തിനു പകരം മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണ്ണര്‍ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കും താല്‍പ്പര്യമുണ്ട്. കല്യാണ്‍ സിങ്ങിനെ ഇവിടേക്ക് നിയോഗിക്കുകയാണെങ്കില്‍ സദാശിവത്തെ രാജസ്ഥാന്‍ ഗവര്‍ണ്ണറാക്കാനാണ് സാധ്യത.

പുതിയ സംഘ പരിവാര്‍ ഗവര്‍ണ്ണര്‍ വന്നാല്‍ ലോക് സഭ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളികളയുന്നില്ല. ഒരു കാരണമുണ്ടാക്കി സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടുവാന്‍ കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് എളുപ്പത്തില്‍ കഴിയും. അതിനുള്ള ‘സാഹചര്യങ്ങള്‍’ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത ഇപ്പോഴും സംസ്ഥാനത്ത് നിലനില്‍ക്കുന്നുമുണ്ട്.

കേരളത്തില്‍ ഒരു പൊതു തിരഞ്ഞെടുപ്പു നടന്നാല്‍ ഇടതുപക്ഷത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണം നഷ്ടമാകുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ ഇനിയും മുന്നോട്ട് പോയാല്‍ കേരള കോണ്‍ഗ്രസ്സിലെയും മുസ്ലീം ലീഗിലെയും ഒരു വിഭാഗത്തെ ഒപ്പം കൂട്ടി ഭരണ തുടര്‍ച്ചക്ക് സാധ്യതയുണ്ട് എന്നതിനാല്‍ അതിനുള്ള അവസരം കൊടുക്കരുതെന്നാണ് ആര്‍.എസ്.എസ് നിലപാട്.

യു.ഡി.എഫ് ഭരണം പിടിച്ചാലും സംഘപരിവാറിനെ സംബന്ധിച്ച് കായികപരമായ ഭീഷണി ഇല്ലാത്തതിനാല്‍ നിലവിലെ ഭരണസംവിധാനം മാറണമെന്നത് മാത്രമാണ് പരിവാര്‍ നേതൃത്വം ഇപ്പാള്‍ ആഗ്രഹിക്കുന്നത്. ചെങ്ങന്നൂരില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നാല്‍ പോലും’കടുത്ത’ നടപടിയിലേക്ക് കേന്ദ്ര സര്‍ക്കാറും ബി.ജെ.പി നേതൃത്വവും നീങ്ങും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരവും ഒപ്പം വി.എസിനെ മുന്‍ നിര്‍ത്തി പ്രചരണം നയിച്ചതുമാണ് ഇടതുപക്ഷത്തിന് നേട്ടമായിരുന്നത്.

ആദ്യ ഒരു വര്‍ഷം വി.എസും ബാക്കി നാലു വര്‍ഷം പിണറായിയും മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രചരണമുണ്ടായിരുന്നത്. എന്നാല്‍ ഭരണം ലഭിച്ചതോടെ സി.പി.എം ഐക്യകണ്ഠേന പിണറായി വിജയനെ തന്നെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷനായി ഒതുക്കപ്പെട്ട വി.എസിന് ഇപ്പോള്‍ ആരോഗ്യകരമായ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതിനാല്‍ ഇനി ഒരു പൊതു തെരെഞ്ഞെടുപ്പില്‍ പ്രചരണം നയിക്കാനും ബുദ്ധിമുട്ടാണ്. ഇടതുപക്ഷത്തിന്റെ ക്രൗഡ് പുള്ളറായ വി.എസിന്റെ ഈ അസാന്നിധ്യം മുന്നില്‍ കണ്ടു കൊണ്ട് കൂടിയാണ് ബി.ജെ.പി അണിയറയില്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്.

ആര്‍.എസ്.എസ് നേതൃത്വത്തിനാകട്ടെ ബി.ജെ.പി ജയിച്ചാലും കോണ്‍ഗ്രസ്സ് ജയിച്ചാലും പിണറായി ഭരണം പോകണമെന്നത് മാത്രമാണ് ആഗ്രഹം. ആ ഒരൊറ്റ അജണ്ട മുന്‍ നിര്‍ത്തിയാണ് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം വഴി കേന്ദ്ര സര്‍ക്കാറില്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. അതിന് മുന്നോടിയായാണ് ഗവര്‍ണ്ണറെ മാറ്റി സംഘപരിവാറുകരനെ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത്. ആര്‍.എസ്.എസിനു രാജ്യത്ത് തന്നെ ഏറ്റവും അധികം ശാഖകളും ബലിദാനികളുമുള്ള കേരളത്തിലെ സ്വയം സേവകരോട് അനുഭാവപൂര്‍വ്വമായ പരിഗണനയാണ് സംഘം മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്.

പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുവാന്‍ എത്തിയ മോഹന്‍ ഭാഗവതിനെ ജില്ലാ ഭരണകൂടം തടയാന്‍ ശ്രമിച്ചതും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചതും ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും തുടരുന്നതും സി.പി.എം സര്‍ക്കാറിന്റെ ബലത്തില്‍ ചെയ്യുന്നതാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് തിരിച്ചടിയായി ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ടത് കേരളത്തിലാണ്. ഒരേ സ്ഥലത്ത് നടന്ന സംഘര്‍ഷത്തില്‍ അതിര്‍ത്തി നോക്കി തിരിച്ചടിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചത്.

ഇതോടെ കേന്ദ്ര സര്‍ക്കാറിന്റെയും ആര്‍.എസ്.എസിന്റെയും കണക്കില്‍ വീണ്ടും ഇടത് ഭരണത്തില്‍ ഒരു ബലിദാനി കൂടി ഉണ്ടായിരിക്കുകയാണ്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കൂടി പുറത്ത് വന്നാല്‍ ഗവര്‍ണ്ണറുടെ മാറ്റവും അനുബന്ധമായ ചില അപ്രതീക്ഷിത ‘ഇടപെട’ലുകളും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് സൂചന.