പൊലീസ് ആക്‌ട് ഭേദഗതിയ്‌ക്കെതിരെ വിമര്‍ശനം ശക്തം; ന്യായീകരിച്ച്‌ മുഖ്യമന്ത്രി

പൊലീസ് ആക്‌ട് ഭേദഗതിയ്‌ക്കെതിരെ വിമര്‍ശനം ശക്തം; ന്യായീകരിച്ച്‌ മുഖ്യമന്ത്രി

November 22, 2020 0 By Editor

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ രംഗത്ത്. ഭേദഗതി പൊലീസിന് കൂടുതല്‍ അധികാരം നല്‍കുക വഴി മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്. അതേസമയം ഭേദഗതിയെ ന്യായികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച്‌ ചില വ്യക്തിഗത ചാനലുകളുടെ അതിരു വിട്ട പ്രവർത്തനങ്ങളെ കുറിച്ച്  സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്‍കുന്നവരില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാൽ സൈബര്‍ ആക്രമങ്ങള്‍ തടയാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ആക്‌ട് ഭേദഗതിയിലൂടെ നടപ്പാക്കിയ കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഇത് തികഞ്ഞ ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ നിയമം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.