ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്ത സംഭവത്തില്‍ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്ത സംഭവത്തില്‍ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

May 21, 2021 0 By Editor

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്ത സംഭവത്തില്‍ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ചില സമുദായങ്ങള്‍ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല. കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കുന്നതാണ്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞാണ് തിരിച്ചെടുക്കുന്നത്. അത് സമുദായത്തെ തന്നെ അപമാനിക്കുന്നതാണ്. അതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

തെരഞ്ഞെടുപ്പ് ഫലം ലീഗ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നേതൃതലത്തില്‍ അഴിച്ചുപണി നടത്തുമെന്ന് പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്നും സോഷ്യല്‍മീഡിയ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീറും പറഞ്ഞു. ലീഗ് നേതാക്കളെ കുറിച്ച് തെറ്റായ പ്രചാരണമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നതെന്ന് പിഎംഎ സലാമും പറഞ്ഞു.

ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീംലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് താന്‍ കണ്ടതെന്നും മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീംജനവിഭാഗത്തിന് ഇടതുമുന്നണി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.