പിഎന്‍ബി സാമ്പത്തിക തട്ടിപ്പ്: ആദ്യ കുറ്റപ്പത്രം സമര്‍പ്പിച്ചു

May 24, 2018 0 By Editor

മുംബൈ: വ്യവസായികളായ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ആദ്യ കുറ്റപ്പത്രം സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ട് കുറ്റപ്പപത്രങ്ങള്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

ആദ്യത്തെ കുറ്റപ്പത്രത്തിലെ പ്രതികള്‍ നീരവ് മോദിയും പി.എന്‍.ബി ബാങ്കിന്റെ മുന്‍ തലവ ഉഷ അനന്ദസുബ്രമണ്യവുമാണ്. പിന്നീട് രണ്ടാമത്തെ കുറ്റപ്പത്രത്തില്‍ നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയേയും പ്രതിചേര്‍ത്തു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യം ഉപയോഗിച്ച് 11,300 കോടി രൂപ നീരവ് മോദി തട്ടിയെടുത്തുവെന്നാണ് ആരോപണം. നീരവ് പഞ്ചാബ് നാഷനല്‍ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള ‘ലെറ്റര്‍ ഓഫ് ക്രെഡിറ്റ്’ (ബാങ്ക് ഗാരന്റി) ആവശ്യപ്പെടുകയും ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമായിരുന്നു. എന്നാല്‍, ഈ തുക ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ചേര്‍ക്കാതെ തന്നെ ബാങ്ക് ഗാരന്റി നല്‍കിയാണ് തട്ടിപ്പ് അരങ്ങേറിയത്.