സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പേരില്‍ തട്ടിപ്പ്; ഫസല്‍ ഗഫൂറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

December 19, 2020 0 By Editor

തിരൂര്‍: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരേ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി. പ്രമുഖ പീഡിയാട്രിക് സര്‍ജന്‍ ഡോ. അബ്ദുല്‍നാസര്‍, ഫറോക് കോയാസ് ആശുപത്രിയിലെ സര്‍ജന്‍ ഡോ. സി.വി സലിം എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ മാസം 17ന് കോഴിക്കോട് നടക്കാവ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ ഇടാത്ത സാഹചര്യത്തില്‍ ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് 21നു പരിഗണിക്കാനിരിക്കെയാണ് തിരൂര്‍ പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

കോഴിക്കോട് മിനി ബൈപ്പാസില്‍ സംയുക്തസംരംഭമായി എം.ഇ.എസുമായി ചേര്‍ന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങാമെന്ന് പ്രലോഭിപ്പിച്ചും എം.ഇ.എസ് എന്ന സംഘടനയുടെ പൂര്‍ണ ഗാരണ്ടി ഉറപ്പ് നല്‍കിയും 46 നിക്ഷേപകരില്‍ നിന്നായി 2013 മുതല്‍ കോടികളുടെ നിക്ഷേപം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് പരാതി. ഈ പദ്ധതിയിലേക്ക് ഡോ. നാസര്‍ 13,93,577 രൂപയും ഡോ. സലിം 26 ലക്ഷവും നല്‍കി.ഇവരെ കൂടാതെ പലരില്‍ നിന്നുമായി 28 കോടിയോളം രൂപയാണ് സമാഹരിച്ചിട്ടുള്ളത്. ഫസല്‍ ഗഫൂറിന് പുറമെ, മകന്‍ ഡോ. പി.എ റഹീം, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി പി.ഒ ജെ ലബ്ബ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.