ശൈലജ ടീച്ചറെ  മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നില്‍ കണ്ണൂര്‍ നേതാക്കളുടെ വിയോജിപ്പ് !; കോടിയേരിയുടെ ശാഠ്യമെന്ന വിമര്‍ശനം ശക്തം

ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നില്‍ കണ്ണൂര്‍ നേതാക്കളുടെ വിയോജിപ്പ് !; കോടിയേരിയുടെ ശാഠ്യമെന്ന വിമര്‍ശനം ശക്തം

May 18, 2021 0 By Editor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടി ഭരണത്തുടര്‍ച്ച നേടുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കെ കെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത അതൃപ്തി. ആരോഗ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ വ്യക്തിയെ ‘പുതുമുഖ’ങ്ങളുടെ പേരില്‍ തഴഞ്ഞുവെന്ന അഭിപ്രായമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ഉയരുന്നത്. ആരോഗ്യവകുപ്പിന്റെ മികച്ച പ്രകടനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയത് പിണറായി സര്‍ക്കാരിന് ജനപിന്തുണ ഇരട്ടിയാക്കാന്‍ സഹായിച്ചു. മട്ടന്നൂരിലെ ചരിത്ര വിജയം അണികളുടെ ഈ വികാരം അടയാളപ്പെടുത്തുന്നതായിരുന്നു.

60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിനിമാതാരങ്ങളും മറ്റ് രാഷ്ട്രീയപ്രമുഖരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.  അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ സിപിഎമ്മിന്റെ തീരുമാനത്തെ ശൈലജ സ്വാഗതം ചെയ്യുകയുണ്ടായി. അതേസമയം കണ്ണൂരിലെ ചില നേതാക്കള്‍ ശൈലജ പാര്‍ട്ടിയുടെ മുഖമായി അവതരിപ്പിക്കപ്പെടുന്നത് തലവേദന സൃഷ്ടിക്കുമെന്ന് സൂചന നല്‍കിയിരുന്നു.

കണ്ണൂരില്‍ നിന്നുള്ള ഈ വിയോജിപ്പ് തന്നെയാണ് ശൈലജയെ മാറ്റിനിര്‍ത്തിയതിന് പിന്നിലെ കാരണങ്ങളെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ ശൈലജയ്ക്ക് വേണ്ടി വാദിക്കാന്‍ വളരെ ചുരുങ്ങിയ നേതാക്കള്‍ മാത്രമെ തയ്യാറായുള്ളു. പാര്‍ട്ടി അണികളില്‍ നിന്ന് കോടിയേരി ബാലകൃഷ്ണനെതിരെയും വിമര്‍ശനമുണ്ട്. കോടിയേരിയുടെ ശാഠ്യമാണ് ശൈലജയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. കെ. ആര്‍ ഗൗരിയമ്മയുടെ ഗതിയാണ് കെകെ ശൈലജയെ കാത്തിരിക്കുന്നതെന്ന് വാദിക്കുന്നവരും കുറവല്ല. ദേശീയ നേതൃത്വം വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട് കടുത്ത അതൃപ്തി ചില നേതാക്കള്‍ രേഖപ്പെടുത്തിയതായിട്ടും സൂചനയുണ്ട്.