സംസ്ഥാനത്ത് പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധന;കൂടുതൽ കുട്ടികളും പീഡിപ്പിക്കപ്പെട്ടത് കോവിഡ് കാലത്ത് വീടുകളിൽ

സംസ്ഥാനത്ത് പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധന;കൂടുതൽ കുട്ടികളും പീഡിപ്പിക്കപ്പെട്ടത് കോവിഡ് കാലത്ത് വീടുകളിൽ

August 13, 2022 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോർട്ട്. ലോക്ഡൗണിൽ കുട്ടികൾ വീട്ടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീട്ടുകാരിൽ നിന്ന് തന്നെയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഓൺലൈൻ ക്ലാസുകളിലേക്ക് ഒതുങ്ങി കുട്ടികൾ വീടുകളിൽ തന്നെ കഴിഞ്ഞ രണ്ട് വർഷത്തെ കോവിഡ് കാലം. പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ ഭൂരിഭാഗം കുട്ടികളും മാസങ്ങൾ തുടർച്ചയായി സ്കൂളുകളിലേക്ക് എത്തിയില്ല. 2013 മുതൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കുത്തനെ കൂടുകയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ 2020ൽ തുടങ്ങിയ കോവിഡ് കാലത്ത് വർധനവ് 767ലെത്തി.

കുട്ടികൾ വീട്ടുകളിൽ തന്നെ കഴിഞ്ഞപ്പോഴാണ് ഇവർക്കെതിരെയുള്ള പീഡനങ്ങളും വർധിച്ചത്. ഇത് ആണയിടുന്നതാണ് ഗർഭഛിദ്രത്തിന് ഹൈക്കോടതിയെ സമീപിച്ച ഇരകളെ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതിനായി കേരള സ്റ്റേറ്റ് ലീഗ് സർവ്വീസസ് അതോറിറ്റി വഴി ഹൈക്കോടതിയെ സമീപിച്ചത് പത്ത് വയസ്സുകാരി ഉൾപ്പടെ 13 പേരാണ്. ഗർഭഛിദ്രത്തിന് 24 ആഴ്ചത്തെ സമയപരിധി കഴിഞ്ഞവരായിരുന്നു ഇവർ. ഈ കാലയളവിന് മുൻപും, കോടതി അനുമതി ഇല്ലാതെയും മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചും ഗർഭഛിദ്രം നടത്തേണ്ടി വന്നവരുടെ എണ്ണം ഇതിന് പുറമെയാണ്.

40 മുതൽ 60 ശതമാനം വരെ പോക്സോ കേസുകളിലും അതിക്രമം നടത്തുന്നത് അയൽവാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവർ എന്നതാണ് നിലവിലെ കണക്കുകൾ. വീടുകളിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വർധനവ് തുടരുന്നുണ്ട്. സ്കൂളിലെ കൗൺസിലർമാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികൾ തുറന്ന് പറഞ്ഞതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങി എന്നാണ് വിലയിരുത്തൽ. അതേസമയം 2020ൽ കൂടുതൽ പോക്സോ കോടതികൾ നിലവിൽ വന്നതോടെ തീർപ്പാക്കിയ കേസുകളുടെ എണ്ണം മുൻവർഷത്തേക്കാൾ കാര്യമായി കൂടി.