കോഴിക്കോട് ലോറിയിടിച്ച് അധ്യാപിക മരിച്ച കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കോഴിക്കോട് ലോറിയിടിച്ച് അധ്യാപിക മരിച്ച കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

July 30, 2022 Off By admin

വടകര: അധ്യാപിക ലോറിയിടിച്ച് മരിച്ച കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി കെ. രാമകൃഷ്ണൻ വിധിച്ചു. പിലാശേരി എ.യു.പി സ്കൂൾ അധ്യാപികയായ ചോമ്പാല കല്ലാമല പൊന്നങ്കണ്ടി പി.കെ. രാജീവന്റെ ഭാര്യ കെ.കെ. ബബിത (36) മരിച്ച കേസിലാണ് വിധി.

80,84,900 രൂപയും ഒമ്പത് ശതമാനം പലിശയും സഹിതം ഒരു കോടി രണ്ടു ലക്ഷം രൂപ നൽകാനാണ് വിധി. ഭർത്താവ് രാജീവൻ, മക്കളായ കാർത്തിക് (9), കീർത്തി എന്ന ബേബി കീർത്തി (7), മരിച്ച ബബിതയുടെ മാതാവ് പ്രഭാവതി എന്നിവർക്ക് തുല്യമായി നൽകണം.

യൂനിവേഴ്സൽ സാംബോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 ഡിസംബർ 31നാണ് അപകടം നടന്നത്. അന്യായക്കാർക്ക് വേണ്ടി അഡ്വ. എ.കെ. രാജീവ് ഹാജരായി.