സഹായം നല്‍കുന്നത് തിരുത്താനാകാത്ത പിഴവാകും: പലസ്തീന്‍ അഭയാര്‍ത്ഥികളെ കൈയ്യൊഴിഞ്ഞ് അമേരിക്ക

September 1, 2018 0 By Editor

വാഷിംഗ്ടണ്‍: പലസ്തീന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയ്ക്കുള്ള സഹായം അമേരിക്ക അവസാനിപ്പിച്ചു. ഇവരുടെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല എന്ന് വ്യക്തമാക്കിയാണ് 650 ലക്ഷം ഡോളറിന്റെ സഹായം ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയത്. അരക്കോടിയിലധികം അഭയാര്‍ത്ഥികളാണ് ഇതിലൂടെ കഷ്ടപ്പെടുന്നത്. നടപടിയെ പലസ്തീനും ഐക്യരാഷ്ട്രസഭയും അപലപിച്ചു. യുനേര്‍വേ എന്നാണ് ഏജന്‍സിയുടെ പേര്.

സഹായം നല്‍കുന്നത് തിരുത്താനാകാത്ത പിഴവാകും എന്ന് പറഞ്ഞാണ് അമേരിക്കയുടെ നടപടി. വെസ്റ്റ് ബാങ്കിലും ഗാസയിലും ജോര്‍ദാന്‍ ലെബനന്‍, സിറിയ എന്നിവിടങ്ങളിലും നിരവധിപ്പേരാണ് യുനെര്‍വേയുടെ സഹായം പ്രതീക്ഷിച്ച് കഴിയുന്നത്. നേരത്തെ നല്‍കിയിരുന്ന 3680 ലക്ഷം ഡോളറിന്റെ സഹായം വെറും 680 ലക്ഷം ഡോളറാക്കി അമേരിക്ക വെട്ടിച്ചുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുനേര്‍വേയെ നിശിതമായി വിമര്‍ശിച്ച് സഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയത്.

പലസ്തീനെ ഇന്നത്തെ അവസ്ഥയിലാക്കിയതില്‍ നിന്ന് അമേരിക്കയ്ക്ക് അത്ര എളുപ്പം കൈ കഴുകാനാകില്ലെന്ന് പലസ്ഥീന്‍ വക്താവ് പ്രതികരിച്ചു. അമേരിക്ക നിലപാട് തിരുത്തുമെന്ന് ഐക്യരാഷ്ട്ര സഭയും പ്രതീക്ഷിക്കുന്നു.

ലോക വ്യാപാര സംഘടനയില്‍നിന്നു പിന്‍മാറുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു.അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറുമെന്നാണു ട്രംപിന്റെ നിലപാട്.