ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം

ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം

August 10, 2022 Off By admin

സൗദിയില്‍ ഗാര്‍ഹിക തൊഴില്‍വിസയിലുള്ളവര്‍ക്ക് ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെയാണ് അനുമതി. ഗാര്‍ഹികതൊഴിലാളി നിയമത്തില്‍ അടുത്തിടെ വരുത്തിയ പരിഷ്​കരണങ്ങളുടെ ഭാഗമായി നാല് നിശ്ചിത​ കാരണങ്ങളിലൊന്നുണ്ടെങ്കില്‍ ലേബര്‍ ഓഫിസുമായി ബന്ധപ്പെട്ട്​ നാട്ടിലേക്ക്​ മടങ്ങാനുള്ള നടപടികള്‍ ആരംഭിക്കാം.​

ജൂണ്‍ 28ന്​ (ദുല്‍ഖഅദ്​ 29) മന്ത്രാലയം പുറപ്പെടുവിച്ച 212875-ാം നമ്പര്‍ സര്‍ക്കുലറി​ലാണ്​ ഫൈനല്‍ എക്​സിറ്റിനുള്ള വ്യവസ്​ഥകളെ കുറിച്ച്‌​ സൂചിപ്പിക്കുന്നത്​. നിശ്ചിത കാരണങ്ങളുണ്ടെങ്കില്‍ മറ്റൊരു തൊഴില്‍ദാതാവി​ന്‍റ പേരിലേക്ക് സ്​പോണ്‍സര്‍ഷിപ്പ്​​ മാറാന്‍ അനുവദിക്കുന്ന പരിഷ്​കരണങ്ങളുടെ കൂട്ടത്തിലാണ്​ ഫൈനല്‍ എക്​സിറ്റിനുള്ള അനുമതിയും. 

നിശ്ചിത കാരണങ്ങള്‍:

1. ഗാര്‍ഹിക തൊഴിലാളിയുടെ പരാതിയെ തുടര്‍ന്ന്​ ലേബര്‍ ഓഫിസ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള​ കരാര്‍ അവസാനിപ്പിച്ചാല്‍.

2. തൊഴിലാളിയുടെ എംബസിയില്‍നിന്നുള്ള​ കത്ത് ഹാജരാക്കിയാല്‍.

3. തൊഴിലുടമ മരിച്ചാല്‍. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക്​ മാറാനും അനുമതിയുണ്ട്​. സ്​പോണ്‍സര്‍ഷിപ്പ്​ മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്പോണ്‍സര്‍ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം)

4. തൊഴില്‍ തര്‍ക്ക കേസില്‍ പൊലീസില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴില്‍ കോടതിയില്‍ ഹാജരാവാതിരുന്നാല്‍

കാരണം പരിശോധിച്ച്‌​ ലേബര്‍ ഓഫിസാണ്​ ഫൈനല്‍ എക്​സിറ്റിന്​ തൊഴിലാളിക്ക്​ അര്‍ഹതയുണ്ടോ എന്ന്​ തീരുമാനിക്കുക. അനുകൂലമായാല്‍ അവിടെനിന്ന്​ ലഭിക്കുന്ന രേഖയുമായി പാസ്​പോര്‍ട്ട്​ (ജവാസത്ത്​) ഓഫീസിനെ സമീപിച്ച്‌​ ​എക്​സിറ്റ്​ നടപടികള്‍ പൂര്‍ത്തീകരിക്കാനാവും.

ഗാര്‍ഹികതൊഴില്‍ നിയമപരിഷ്​കരണങ്ങളുമായി ബന്ധപ്പെട്ട്​ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറിലെ വിശദാംശങ്ങള്‍ അറിയാന്‍ ജുബൈലിലെ അല്‍ജുഐമ ഗാര്‍ഹിക തൊഴില്‍ വിഭാഗം ഓഫീസറെ സമീപിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളാണിതെന്നും തൊഴിലാളികള്‍ക്ക്​ ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണെന്നും പ്രവാസി സംസ്കാരിക വേദി പ്രവര്‍ത്തകനും ഇന്ത്യന്‍ എംബസിക്ക്​ കീഴിലെ സന്നദ്ധ പ്രവര്‍ത്തകനുമായ സൈഫുദ്ദീന്‍ പൊറ്റശ്ശേരി ‘ഗള്‍ഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

13 വ്യവസ്ഥകളാണ്​ തൊഴിലുടമയുടെ അനുവാദമില്ലാതെ മറ്റൊരു തൊഴില്‍ദാതാവി​ന്‍റ പേരിലേക്ക്​ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സര്‍ക്കുലറില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക വിസയില്‍ സൗദിയിലുള്ള മുഴുവന്‍ വിദേശി പുരുഷ, വനിതാ തൊഴിലാളികള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണ്.