ലോറിയില്‍ കൊണ്ടുവന്ന 80 കിലോ കഞ്ചാവ്‌ പിടികൂടി , അച്‌ഛനും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍

ലോറിയില്‍ കൊണ്ടുവന്ന 80 കിലോ കഞ്ചാവ്‌ പിടികൂടി , അച്‌ഛനും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍

September 11, 2022 0 By Editor

തൊടുപുഴ: ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 80 കിലോ കഞ്ചാവ്‌ എക്‌സൈസ്‌ സംഘം പിടികൂടി. സംഭവത്തില്‍ അച്‌ഛനും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍. തൊടുപുഴ വണ്ണപ്പുറം കാളിയാര്‍ സ്വദേശി മലയില്‍ മുണ്ടയില്‍ തങ്കപ്പന്‍, മകന്‍ അരുണ്‍ തങ്കപ്പന്‍, തൊടുപുഴ പടിഞ്ഞാറ്‌ കോടിക്കുളം അമ്പാട്ട്‌ നിഥിന്‍, വണ്ണപ്പുറം കരിക്കുംപറമ്പില്‍ അബിന്‍സ്‌ നാസര്‍ എന്നിവരാണ്‌ കലൂര്‍ ഐപ്പ്‌ മെമ്മോറിയല്‍ സ്‌കൂളിനു സമീപത്തുവച്ച്‌ ഇന്നലെ രാവിലെ പിടിയിലായത്‌. ലോറിയില്‍ പായ്‌ക്കറ്റുകളാക്കി കടത്തുകയായിരുന്ന കഞ്ചാവാണ്‌ ഇവരില്‍നിന്നു പിടികൂടിയത്‌.

എക്‌സൈസ്‌ കമ്മിഷണര്‍ക്ക്‌ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്‌ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലായിരുന്നു വന്‍ കഞ്ചാവുവേട്ട. ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുനിന്ന്‌ കഞ്ചാവ്‌ വാങ്ങിയെന്നാണ്‌ പിടിയിലായവര്‍ പറയുന്നത്‌. ഇതിനുമുമ്പും സമാനരീതിയില്‍ പ്രതികള്‍ കഞ്ചാവ്‌ കടത്തിയിരുന്നതായി എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.

തൃശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സി.ഐ. ജുനൈദ്‌ പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായ മണികണ്‌ഠന്‍, പ്രദീപ്‌ ആര്‍.എസ്‌, ഹരീഷ്‌, കെ.എസ്‌. ഷിബു, മുജീബ്‌ റഹ്‌മാന്‍, അനില്‍ പ്രസാദ്‌, രഞ്‌ജിത്‌, പി.എക്‌സ്. രൂപന്‍, കെ.എം. റോബിന്‍, ബി. അജിത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.