ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ! റെയില്‍വെ പരിശോധന കര്‍ശനമാക്കി

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ! റെയില്‍വെ പരിശോധന കര്‍ശനമാക്കി

June 7, 2018 0 By Editor

ന്യൂഡല്‍ഹി: ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ റെയില്‍വെ പരിശോധന കര്‍ശനമാക്കി. ജൂണ്‍ എട്ടു മുതല്‍ 22വരെ പരിശോധന വ്യാപകമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റെയില്‍വേയുടെ എല്ലാ സോണുകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശമെത്തിക്കഴിഞ്ഞു. ടിക്കറ്റ് മറിച്ചുനല്‍കല്‍, ടിക്കറ്റില്ലാതെ യാത്രചെയ്യല്‍, വ്യാജ ടിക്കറ്റ് ഉപയോഗിക്കല്‍, പാസുകളും സൗജന്യയാത്രകളും ദുരുപയോഗിക്കല്‍ തുടങ്ങിയവയ്‌ക്കെതിരെ കര്‍ശന പരിശോധനയാണ് നടത്തുക.

കഴിഞ്ഞ ദിവസം അമിത ലഗേജുമായി യാത്ര ചെയ്യുന്നവര്‍ക്ക് അധികനിരക്കും പിഴയും ഏര്‍പ്പെടുത്തിയതിനുപിന്നാലെയാണ് ഈ തീരുമാനം. അനുവദിച്ചതിലും അധികഭാരവുമായി യാത്ര ചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കം.

നിയമപ്രകാരം ഫസ്റ്റ് ക്ലാസ്സ് എ.സി കോച്ചിലെ യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം എഴുപത് കിലോയും പരാവധി ഭാരം 150 കിലോയുമാണ്. സെക്കന്‍ഡ് ക്ലാസ് എ സി യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരം അമ്പതു കിലോയും പരമാവധിഭാരം 100 കിലോയുമാണ്. സ്ലീപ്പര്‍ ക്ലാസിലെയും സെക്കന്‍ഡ് ക്ലാസിലെയും യാത്രികര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരം 40 കിലോയും 35 കിലോയുമാണ്. ഇവര്‍ക്ക് ഇരുകൂട്ടര്‍ക്കും പരമാവധി കൊണ്ടുപോകാവുന്ന ഭാരം 80 കിലോയും 70 കിലോയും വീതമാണ്.