സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; തമിഴ് വ്യവസായിക്കായി തിരച്ചിൽ

ബെംഗളൂരു: സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ ഹോട്ടൽമുറിയിൽ പീഡിപ്പിച്ച തമിഴ്നാട് വ്യവസായിക്കായി തിരച്ചിൽ ഊർജിതം. 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കുബോൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പീഡനപരാതി നൽകിയത്. ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവശേഷം തമിഴ്നാട്ടിലേക്കു കടന്ന വ്യവസായിയെ കണ്ടെത്തുന്നതിനായി ബെംഗളൂരു പൊലീസ് അവിടേയ്ക്കു തിരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

യുവതി ഇപ്പോൾ സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. കൂടാതെ സ്വന്തമായി ഒരു സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷൻ നിർമിക്കുന്നതിനുള്ള ഒരുക്കത്തിലുമായിരുന്നു. ഇതിൽ സാമ്പത്തിക നിക്ഷേപം നടത്തുന്നതിനാണ് വ്യവസായിയെ സമീപിച്ചത്. സംരംഭത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത വ്യവസായി, മറ്റു കാര്യങ്ങൾ സംസാരിക്കുന്നതിനാണ് ഓഗസ്റ്റ് 6ന് ഹോട്ടിലേക്ക് ക്ഷണിച്ചത്.

മുൻപരിചയമുള്ളതിനാൽ യാതൊരു സംശയവുമില്ലാതെയാണ് ഹോട്ടലിലെത്തിയതെന്ന് യുവതി പറയുന്നു. എന്നാൽ സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷം ഓഗസ്റ്റ് 10നാണ് പൊലീസിൽ പരാതി നൽകിയത്. ഐപിസി 376 പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

Loading...

Leave a Reply

Your email address will not be published.