വിരുന്നിന് വരുന്നില്ല! ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ ഇത്തവണയും എത്താതെ മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ നിന്ന് ഇത്തവണയും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. ചൊവ്വാഴ്ച വൈകിട്ട് രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ നിന്നാണ് മന്ത്രിസഭയാകെ വിട്ടുനിന്നത്.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ രാജ്ഭവന്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് വിട്ടുനില്‍ക്കല്‍. മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ മതമേലദ്ധ്യക്ഷന്മാര്‍ അടക്കം 400 പേര്‍ക്കായിരുന്നു ക്ഷണം.
വിരുന്നിനായി അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. നവംബര്‍ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനില്‍നിന്നു സര്‍ക്കാരിന് കത്തു നല്‍കിയതിനു പിന്നാലെ ഡിസംബര്‍ 13നാണ് തുക അനുവദിച്ചത്. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെ.വി തോമസ്, വിവിധ മതമേലധ്യക്ഷന്മാര്‍, സാമുദായിക നേതാക്കള്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണറും സര്‍ക്കാരുമായുള്ള ഭിന്നത മൂലം കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തിരുന്നില്ല.