ഉത്ര വധക്കേസിൽ നിർണായക മൊഴി

ഉത്ര വധക്കേസിൽ നിർണായക മൊഴി

January 19, 2021 0 By Editor

കൊല്ലം: ഉത്രയ്ക്കു പാമ്പുകടിയേറ്റതു സ്വാഭാവികമായ സാഹചര്യത്തിലല്ലെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായി സർപ്പശാസ്ത്ര വിദഗ്ധൻ മവീഷ് കുമാർ. ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുൻപാകെ മൊഴി നൽകി.

ഒൻപതാം വയസ്സുമുതൽ പിതാവിനോടൊപ്പം പാമ്പുകളുമായി സഹവസിക്കുകയും പഠിക്കുകയും ബിരുദാനന്തര ബിരുദത്തിനു ശേഷം പാമ്പുസംബന്ധമായ വിഷയത്തിൽ ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തയാളാണ് നേപ്പാളിൽ പാമ്പു ഗവേഷണവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുകയുമാണ് മവീഷ്കുമാർ. ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. ശശികല, വെറ്ററിനറി സർജൻ കിഷോർ കുമാർ, അരിപ്പ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അസി. കൺസർവേറ്റർ മുഹമ്മദ് അൻവർ എന്നിവരോടൊപ്പം ഉത്രയുടെയും സൂരജിന്റെയും വീടു പരിശോധിച്ചതായി സാക്ഷി മൊഴി നൽകി. ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനോ ആക്രമണ സ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ല. മുറിയിൽ അണുനാശിനി ഉപയോഗിച്ചിരുന്നു. രൂക്ഷഗന്ധമുള്ള വസ്തുക്കൾ ഉള്ള സ്ഥലങ്ങൾ പാമ്പുകൾ ഒഴിവാക്കാറുണ്ട്.

ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം കണ്ടപ്പോൾ അതു സ്വാഭാവികമായുള്ള കടിയല്ലെന്നു കമ്മിറ്റിക്കു വ്യക്തമായി. മൂർഖൻ വിഷം പാഴാക്കാറില്ല. പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്. ഡമ്മിയിൽ കെട്ടിവച്ച കോഴിയെ കൊത്താതെ ഇഴഞ്ഞു നീങ്ങിയ ഇഴഞ്ഞു നീങ്ങിയ മൂർഖൻ പലതവണ പ്രകോപിച്ചിട്ടും കടിക്കാതെ പത്തികൊണ്ട് അടിച്ച് ഒഴിവാക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ നിന്നു സാക്ഷി കോടതിയെ ബോധ്യപ്പെടുത്തി.