കേരളത്തിന്റെ നൊമ്പരമായി  ആ ചിഹ്നം; പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം ‘കുഞ്ഞുടുപ്പ്

കേരളത്തിന്റെ നൊമ്പരമായി ആ ചിഹ്നം; പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം ‘കുഞ്ഞുടുപ്പ്

March 24, 2021 0 By Editor

കണ്ണൂര്‍: മക്കളുടെ മരണത്തിലെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ ശ്രദ്ധയാണ് ലഭിച്ചത്. അമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
കുഞ്ഞുടുപ്പ് ചിഹ്നം അനുവദിച്ച്‌ തരണമെന്ന് വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്.’ഫ്രോക്ക്’ ആണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതെന്ന് വാളയാര്‍ സമര സമിതി സംഘാടകന്‍ സി. ആര്‍ നീലകണ്ഠന്‍ അറിയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുന്നത്.പ്രചാരണത്തിനുള്ള പണം കണ്ടെത്താന്‍ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം ചോദിച്ചിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടത് മുന്നണിക്ക് തുടര്‍ ഭരണമായാലും ഭരണം മാറി വന്നാലും തനിക്ക് നീതി ലഭിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.