ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം ; ക്ഷേത്ര പരിസരത്ത് പരസ്യങ്ങൾ പാടില്ല എന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെയുള്ള നടപടി ധിക്കാരപരമെന്ന് ബിജെപി

ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം ; ക്ഷേത്ര പരിസരത്ത് പരസ്യങ്ങൾ പാടില്ല എന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെയുള്ള നടപടി ധിക്കാരപരമെന്ന് ബിജെപി

January 18, 2021 2 By Editor

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചത് വിവാദമായി. ക്ഷേത്ര പരിസരത്ത് പരസ്യങ്ങൾ പാടില്ല എന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെയുള്ള നടപടി ധിക്കാരപരമെന്ന് ബിജെപി ആരോപിച്ചു.

ഗുരുവായൂർ ക്ഷേത്ര പരിസരം ഒരു വർഷത്തേയ്ക്ക് സാനിറ്റൈസ് ചെയ്യുന്നതായാണ് സ്വകാര്യ കമ്പനി ക്ഷേത്ര പരിസരത്ത് പ്രദർശിപ്പിച്ച പരസ്യം. സാമൂഹിക അകലം ഉറപ്പാക്കാൻ നടവഴിയിൽ രേഖപ്പെടുത്തിയ വൃത്തത്തിനുള്ളിൽ വരെ കമ്പനിയുടെ പരസ്യം പതിപ്പിച്ചു. സിനിമാ താരത്തെ ഉപയോഗിച്ച് ക്ഷേത്ര നടയിൽ പരസ്യചിത്രീകരണം നടത്തുകയും ചെയ്തു. ക്ഷേത്രത്തെ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിന്റെ ഏകാധിപത്യമാണ് ഗുരുവായൂരിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു.

സംഭവം വിവാദമായതോടെ ദേവസ്വം ഭരണസമിതി അംഗങ്ങൾ തന്നെ നേരിട്ടിറങ്ങി കമ്പനിയുടെ പരസ്യങ്ങൾ നീക്കി. ക്ഷേത്രവും പരിസരവും സാനിറ്റൈസ് ചെയ്യാൻ സ്വകാര്യ കമ്പനിയ്ക്ക് അനുമതി നൽകിയിരുന്നതായി ചെയർമാൻ കെ.ബി.മോഹൻദാസ് പ്രതികരിച്ചു. പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് ചെയർമാൻ പറഞ്ഞു. എന്നാൽ ചെയർമാന്റെ മൗനാനുവാദത്തോടെയാണ് പരസ്യം സ്ഥാപിച്ചതെന്നാണ് വിമർശനം.