കോവിഡ്-19: കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കോവിഡ്-19: കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

April 2, 2020 0 By Editor

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സംഭാവന ഉള്‍പ്പെടെയുള്ള സഹായ പാക്കേജ് പ്രഖ്യാപിച്ചത്.
കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍, വയനാട് എന്നിവിടങ്ങളിലുള്ള ആസ്റ്ററിന്റെ ആശുപത്രികളില്‍ സര്‍ക്കാര്‍ അധികാരികള്‍ നിര്‍ദ്ദേശിച്ചയക്കുന്ന രോഗികളെ പരിചരിക്കുന്നതിനായി 750 കിടക്കകള്‍ സമര്‍പ്പിക്കും.
ആസ്റ്ററിന്റെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ആശുപത്രികള്‍ക്ക് സമീപമുള്ള ഹോട്ടല്‍, അപ്പാര്‍ട്ട്്മന്റ് ഉടമകളുടെ സഹകരണത്തോടെ, കോവിഡ് ബാധ സംശയിക്കുന്നവര്‍ക്കും, പോസിറ്റീവ് ആയവര്‍ക്കുമായി ഐസൊലേഷന്‍/ നിരീക്ഷണ മുറികള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ സംവിധാനം ഒരുക്കാന്‍ ആസ്റ്റര്‍ ഗ്രൂപ്പ് സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കും. ആസ്റ്ററിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഈ ക്ലസ്റ്റര്‍ സൗകര്യങ്ങളില്‍ ആരോഗ്യപരിചരണവും നല്‍കും.


കോവിഡ് വൈറസ് ബാധ സംശയിച്ച് പരിഭ്രാന്തിയിലായവര്‍ക്കും,കണ്‍്‌സള്‍ട്ടേഷന്‍ തേടുന്ന രോഗികള്‍ക്കുമായി ആസ്റ്റര്‍ ഇതിനകം തന്നെ ടെലി ഹെല്‍ത്ത് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റര്‍ യൂണിറ്റുകളുടെയും വെബ്‌സൈറ്റിലൂടെയും കോള്‍ സെന്ററുകളിലൂടെയും ലഭ്യമാക്കാന്‍ സാധിക്കും.
കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍ അംഗീകരിച്ച സ്വകാര്യ മേഖലയിലെ 2 ലാബുകളില്‍ ഒന്നാണ് ആസ്റ്റര്‍ മിംസ്, കോഴിക്കോട്. സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. പരിശോധന നടത്താന്‍ ആഗ്രഹിക്കുകയും, രോഗബാധയുണ്ടോയെന്ന് സംശയിക്കുകയും ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് പരിശോധനാ സൗകര്യമേര്‍പ്പെടുത്താന്‍ കേരളത്തിലെ എല്ലാ അഞ്ച് ആസ്റ്റര്‍ ആശുപത്രികളിലും കോവിഡ് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സ്ഥാപനം അനുമതി തേടും. ഈ റാപിഡ് ടെസ്റ്റിലൂടെ കൂടുതല്‍ പേരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാനും, അതിലൂടെ ക്വാറന്റൈന്‍ ചെയ്യേണ്ടവരെയും, നിരീക്ഷണത്തില്‍ വെക്കേണ്ടവരെയും വേഗത്തില്‍ കണ്ടെത്താനും സാധിക്കും.

ഒരു ആരോഗ്യസംരക്ഷണ സ്ഥാപനമെന്ന നിലയില്‍, സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും അവതരിപ്പിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ പ്രധാന ഉത്തരവാദിത്തമായി കാണുന്നുവെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് സമയോചിതവും, മികവുറ്റതുമായ നടപടികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറെയും അദ്ദേഹം അഭിനന്ദിച്ചു. കോവിഡ്-19 നെ ചെറുക്കാന്‍, ആസ്റ്റര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകളുമായും ജനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ആശുപത്രികളിലൂടെ, പകര്‍ച്ചവ്യാധികള്‍ക്കെതിരെ പോരാടുന്നതിന് സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ സന്നദ്ധമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിളള പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam