കോളേജ് വിദ്യാര്‍ത്ഥിയെ നടു റോഡില്‍ വെച്ച് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

കൊല്ലം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് നടു റോഡില്‍ വെച്ച് പൊലീസ് മര്‍ദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ കൊല്ലം വള്ളിക്കീഴ് സ്വദേശിയും എസ്എഫ്‌ഐ നേതാവുമായ അഖിലിനെ…

By :  Editor
Update: 2018-08-08 01:03 GMT

കൊല്ലം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് നടു റോഡില്‍ വെച്ച് പൊലീസ് മര്‍ദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ കൊല്ലം വള്ളിക്കീഴ് സ്വദേശിയും എസ്എഫ്‌ഐ നേതാവുമായ അഖിലിനെ കരുനാഗപ്പള്ളി എസ്‌ഐ മര്‍ദിച്ചത്. തിങ്കളാഴ്ച വൈകിട്ട് കരുനാഗപ്പള്ളി ബസ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന തന്നെ എസ്‌ഐ ശ്യാം അസഭ്യം പറയുകയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ വച്ചും എസ്‌ഐ മര്‍ദ്ദിച്ചുവെന്നും അഖിലിന്റെ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അഖില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവജന കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടി. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 100 രൂപ പെറ്റി അടപ്പിച്ച ശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു.

അതേസമയം അഖിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ജീപ്പിലേക്ക് ബലം പ്രയോഗിച്ച് കയറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്ന ആരോപണം പൊലീസ് തള്ളി. അത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ വാദം.

Similar News