26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്. മൂന്നാം നമ്ബര്‍ ഷട്ടര്‍ 50 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഷട്ടര്‍…

By :  Editor
Update: 2018-08-09 02:06 GMT

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്. മൂന്നാം നമ്ബര്‍ ഷട്ടര്‍ 50 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്.

ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തിലാണ് ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇടമലയാര്‍ തുറന്നതിനാലാണ് ട്രയല്‍ റണ്‍ വൈകിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല റവന്യൂ വകുപ്പിന് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. 2398.98 അടിയാണ് നിലവിലെ ജലനിരപ്പ്.

സംസ്ഥാനത്ത് 22 ഡാമുകള്‍ ഒറ്റയടിക്ക് തുറക്കുന്നത് ആദ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകരുതെന്നും കര്‍ക്കടകവാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് കളക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar News