ഇടുക്കി ജില്ലയിലെ മലയോര മേഖലയിലൂടെ വാഹനങ്ങള്‍ കടത്തി വിടുന്നത് നിരോധിച്ചു

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലൂടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ കടത്തി വിടുന്നത് നിരോധിച്ചു. മഴ തുടരുന്ന…

By :  Editor
Update: 2018-08-10 00:17 GMT

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലൂടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ കടത്തി വിടുന്നത് നിരോധിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ റോഡുകള്‍ തകരാറിലാകുവാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരമാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ എടുത്തിട്ടുള്ള എല്ലാ നടപടികളും ഫലപ്രദമാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേന്ദ്രസംഘം സംസ്ഥാനത്ത് എത്തി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം,മലപ്പുറം ജില്ലയില്‍ നിമ്പൂരിനു സമീപം ചെട്ടിയാന്‍പാറയില്‍ ഉരുള്‍പൊട്ടി കാണാതായ ചെട്ടിയാന്‍പാറ പട്ടികജാതി കോളനിയിലെ പറമ്പാടന്‍ സുബ്രഹ്മണ്യന്റെ(30) മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി പത്തോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി (56), ഭാര്യ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), വീട്ടില്‍ വിരുന്നിനെത്തിയ കുഞ്ഞിയുടെ സഹോദരീപുത്രന്‍ മിഥുന്‍ (16) എന്നിവര്‍ മരിച്ചിരുന്നു.

Similar News