ഇമെയില്‍ 'ഇന്‍ബോക്‌സ്' സേവനങ്ങള്‍ 2019 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് ഗൂഗിള്‍

ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് നിര്‍ത്താന്‍ തീരുമാനമായി. 'ഇന്‍ബോക്‌സ്' സേവനങ്ങള്‍ 2019 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്ക് മാറാമെന്നും ഗൂഗിളിന്റെ…

By :  Editor
Update: 2018-09-15 01:28 GMT

ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് നിര്‍ത്താന്‍ തീരുമാനമായി. 'ഇന്‍ബോക്‌സ്' സേവനങ്ങള്‍ 2019 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്ക് മാറാമെന്നും ഗൂഗിളിന്റെ ബ്ലോഗ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

2014ലാണ് ഗൂഗിള്‍ മെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് ആരംഭിക്കുന്നത്. ജിമെയിലിനൊപ്പം ഉപയോഗിക്കാവുന്ന മൊബൈല്‍ ഫ്രണ്ട്‌ലിയായ കൂടുതല്‍ ഫീച്ചേഴ്‌സുള്ള ആപ്ലിക്കേഷന്‍ എന്ന നിലയിലായിരുന്നു ഇന്‍ബോക്‌സിനെ അവതരിപ്പിച്ചത്. ലക്ഷ്യമിട്ട നിലയിലേക്ക് ആപ്ലിക്കേഷന്‍ വളരാതിരുന്നതാണ് ഇന്‍ബോക്‌സ് നിര്‍ത്താന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

ജിമെയിലിന്റെ ഡെസ്‌ക് ടോപ് ആപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഇന്‍ബോക്‌സ് ആപ്ലിക്കേഷനില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഇമെയില്‍ തല്‍ക്കാലം ഓഫാക്കി വെക്കുക, നിര്‍മിത ബുദ്ധി (എഐ)യുടെ സഹായത്തില്‍ സ്മാര്‍ട് റിപ്ലേ, നോട്ടിഫിക്കേഷനുകളില്‍ പ്രധാനപ്പെട്ടത് കണ്ടെത്തുന്നത് തുടങ്ങിയ ഫീച്ചറുകള്‍ ഇന്‍ബോക്‌സില്‍ ഉണ്ടായിരുന്നു.

ഇന്‍ബോക്‌സില്‍ ഗൂഗിള്‍ അവതരിപ്പിച്ച പല ഫീച്ചറുകളും പിന്നീട് ജിമെയിലിലേക്ക് ഉള്‍ക്കൊള്ളിച്ചിരുന്നു. ഗൂഗിള്‍ 2018 തുടക്കത്തില്‍ അവതരിപ്പിച്ച വേഗത്തില്‍ ഇമെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന 'സ്മാര്‍ട് കംപോസ്' ഫീച്ചര്‍ ഇന്‍ബോക്‌സിലാണ് ആദ്യം അവതരിപ്പിച്ചിരുന്നത്. ജിമെയില്‍ മൊബൈല്‍ ഡെസ്‌ക്ടോപ് പതിപ്പുകളില്‍ കൊണ്ടുവന്ന പല ഫീച്ചറുകളും അന്നുതന്നെ ഇന്‍ബോക്‌സിലും ഗൂഗിള്‍ നല്‍കിയിരുന്നു.

ഇന്‍ബോക്‌സ് നിര്‍ത്താന്‍ പോകുന്നുവെന്ന സൂചന നേരത്തെ തന്നെ ഗൂഗിള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ ജിമെയിലിലേക്കോ ഗൂഗിള്‍ ടാസ്‌ക്, ഗൂഗിള്‍ കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണം. ഇവ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കും. അതേസമയം ജിമെയിലിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ബോക്‌സിനോട് ഗുഡ്‌ബൈ പറയുന്നതെന്നാണ് ജിമെയില്‍ പ്രൊഡക്ട് മാനേജര്‍ മാത്യു ഇസാറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

Similar News