5ജി നടപ്പാക്കാനുള്ള ടവര്‍ ടെക്‌നോളജി ഒരുക്കി ജിയോയും ബിഎസ്എന്‍എല്ലും

ലോകത്തൊരിടത്തും 5ജി ഉപയോഗക്ഷമമായിട്ടില്ല. പരീക്ഷണങ്ങളും പൈലറ്റ് പദ്ധതികളും മാത്രമാണു നടക്കുന്നത്. പൂര്‍ണതോതില്‍ ഇത് അവതരിപ്പിക്കണമെങ്കില്‍ കുറഞ്ഞത് രണ്ടു വര്‍ഷം ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്ക് സാങ്കേതിക…

By :  Editor
Update: 2018-09-15 22:30 GMT

ലോകത്തൊരിടത്തും 5ജി ഉപയോഗക്ഷമമായിട്ടില്ല. പരീക്ഷണങ്ങളും പൈലറ്റ് പദ്ധതികളും മാത്രമാണു നടക്കുന്നത്. പൂര്‍ണതോതില്‍ ഇത് അവതരിപ്പിക്കണമെങ്കില്‍ കുറഞ്ഞത് രണ്ടു വര്‍ഷം ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്ക് സാങ്കേതിക വിദ്യ എന്നിവയെല്ലാം വേണ്ടതുണ്ട്. ഇതിനിടെ റിലയന്‍സ് ജിയോയും ബിഎസ്എന്‍എല്ലും രാജ്യത്ത് ആദ്യം തന്നെ 5ജി കൊണ്ടുവരാനുള്ള ടവര്‍ ടെക്‌നോളജി ഒരുക്കി കാത്തിരിക്കുകയാണ്.

രാജ്യത്ത് എവിടെ ആദ്യം 5ജി പരീക്ഷിക്കണമെന്നത് സംബന്ധിച്ച് ടെലികോം മന്ത്രാലയം ചര്‍ച്ച നടത്തിവരികയാണ്. 5ജി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിവിധ മേഖലകളില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ പറഞ്ഞു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ 5ജി നടപ്പിലാക്കാനുള്ള നീക്കം തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

5ജി വന്നാല്‍ ആദ്യം നടപ്പിലാക്കുക റിലയന്‍സ് ജിയോ ആയിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ അത്യാധുനിക സംവിധാനങ്ങളോടെ അതിവേഗ 4ജി വോള്‍ട്ട് കൊണ്ടുവന്ന ജിയോ വരാനിരിക്കുന്ന പദ്ധതികള്‍ കൂടി മുന്‍കൂട്ടി കണ്ടാണ് പുതിയ ടവറുകള്‍ സ്ഥാപിക്കുന്നത്.

ഈ ദീപാവലിയോടെ കൂടി രാജ്യത്തെ 99 ശതമാനം ജനങ്ങള്‍ക്കും 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുമെന്നാണ് ജിയോ അധികൃതര്‍ അറിയിച്ചിരുന്നത്. ദിവസവും 8,000 മുതല്‍ 10,000 ടവറുകള്‍ വരെയാണ് ജിയോ പുതിയതായി സ്ഥാപിക്കുന്നത്. ഈ ടവറുകളെല്ലാ വേണമെങ്കില്‍ 5ജിയിലും പ്രവര്‍ത്തിക്കാന്‍ കേവലം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം മതിയെന്നാണ് അറിയുന്നത്.

20 കോടി വരിക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ടവറുകളാണ് ജിയോ സ്ഥാപിക്കുന്നത്. 2019 ല്‍ 5ജി വരുമെന്നാണ് അറിയുന്നത്. 5ജി വന്നാല്‍ ആദ്യം നടപ്പിലാക്കുക ജിയോ ആയിരിക്കും. സോഫ്റ്റ്‌വെയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ നിലവിലെ ടവര്‍ ഉപയോഗിച്ച് തന്നെ 5ജിയും ലഭ്യമാക്കാനാകും. ജിയോയ്ക്ക് പുറമെ ബിഎസ്എന്‍എല്ലും 5ജി നടപ്പിലാക്കാന്‍ വേണ്ട ടെക്‌നോളജിക്ക് പിന്നാലെയാണ്.

Similar News