രക്തദാനം ചെയ്യുന്നവര്‍ക്ക് മഞ്ജുവാര്യര്‍ക്കൊപ്പം സെല്‍ഫി

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്ന് ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി (കെഎസ്എസിഎസ്) റെഡ് റിബണ്‍ ക്ലബ് സെല്‍ഫി മത്സരം…

By :  Editor
Update: 2018-09-30 01:29 GMT

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്ന് ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി (കെഎസ്എസിഎസ്) റെഡ് റിബണ്‍ ക്ലബ് സെല്‍ഫി മത്സരം സംഘടിപ്പിക്കുന്നു. 'ഹാപ്പിനസ് ഈസ് ഡൊണേറ്റിംഗ് ബ്ലഡ്'എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ജേതാക്കള്‍ക്ക് പ്രശസ്ത സിനിമാതാരം മഞ്ജുവാര്യര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനുള്ള അവസരം ലഭിക്കും.

രക്തദാനം ചെയ്യുന്നതിന്റെ സെല്‍ഫി കെഎസ്എസിഎസിന്റെ റെഡ് റിബണ്‍ ക്ലബ് ഫെയ്‌സ്ബുക്ക് പേജില്‍ ( fb.com/KSACSRedRibbonClub) അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. 18 വയസ്സുപൂര്‍ത്തിയായവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. രക്തം എവിടെയാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ കേരളത്തിനകത്തുവച്ച് എടുത്ത സെല്‍ഫിയായിരിക്കണം.

സെല്‍ഫി എഡിറ്റ് ചെയ്യാന്‍ പാടില്ല. അവ്യക്തമായതോ വാട്ടര്‍മാര്‍ക്ക് അടങ്ങിയതോ ആകാനും പാടില്ല. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കെഎസ്എസിഎസ് റെഡ്‌റിബണ്‍ ക്ലബിന്റെ ഫെയ്‌സ്ബുക്ക് പേജ് fb.com/KSACSRedRibbonClub ലൈക്ക് ചെയ്തിരിക്കണം. സെല്‍ഫിയില്‍ കാണുന്ന വ്യക്തിയുടെ പേര് അടിക്കുറിപ്പില്‍ രേഖപ്പെടുത്തണം.

സെല്‍ഫി ഫെയ്‌സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തതിനുശേഷം പേര്, വയസ്, ജനനതീയതി, ഫോണ്‍ നമ്ബര്‍, ഇമെയില്‍ വിലാസം, രക്തദാനം ചെയ്ത തീയതിയും സ്ഥലവും എന്നീ വിവരങ്ങള്‍ ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കുമുമ്ബ് ksacs.sm@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. ലഭ്യമാകുന്നവ 12 മണിക്കൂറിനകം അഡ്മിന്റെ അനുമതിയോടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 9 ചൊവ്വാഴ്ച ഉച്ചവരെ ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന വ്യക്തിക്കാണ് മഞ്ജുവാര്യര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ അവസരം ലഭിക്കുക.

Similar News