ഭക്തിയുടെ നിറവില്‍ ഇന്ന് മഹാ ശിവരാത്രി
ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ…
ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍.
മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വരാറ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.
അതുകൊണ്ടാണ് മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന് പറയുന്നത്. ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാന്‍ ഉത്തമമാണെന്നാണ് വിശ്വാസം.
പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ പാര്‍വതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തില്‍ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പുരാണങ്ങൾ പറയുന്നത്.