പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ മുന്‍ഭാഗത്തെ ഹുക്ക് തലയില്‍ തുളച്ച്‌ കയറിയ യുവാവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍

റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ മുന്‍ഭാഗത്തെ ഹുക്ക് തലയില്‍ തുളച്ച്‌ കയറിയ യുവാവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍. ഇന്ന് രാവിലെയോടെ ചിങ്ങവനത്തിനും ചങ്ങനാശേരിക്കുമിടെയിലെ പാപ്പാഞ്ചിറയിലാണ് സംഭവം.…

By :  Editor
Update: 2020-03-12 00:07 GMT

റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ മുന്‍ഭാഗത്തെ ഹുക്ക് തലയില്‍ തുളച്ച്‌ കയറിയ യുവാവുമായി ട്രെയിന്‍ ഓടിയത് നാലു കിലോമീറ്റര്‍. ഇന്ന് രാവിലെയോടെ ചിങ്ങവനത്തിനും ചങ്ങനാശേരിക്കുമിടെയിലെ പാപ്പാഞ്ചിറയിലാണ് സംഭവം. കൊല്ലം എറണാകുളം പാസഞ്ചര്‍ പാപ്പാഞ്ചിറ ക്രോസിന് സമീപമെത്തിയപ്പോഴാണ് മുണ്ട് ധരിച്ചെത്തിയ യുവാവ് പാളം മുറിച്ച്‌ കടക്കാന്‍ ശ്രമിച്ചത്, ഇയാള്‍ ട്രാക്കില്‍ നിന്ന് ഓടി മാറിയെന്ന് ധരിച്ച ലോക്കോ പൈലറ്റ് പിന്നീട് ചിങ്ങവനം വരെ ട്രെയിന്‍ സാവധാനത്തില്‍ ഓടിക്കുകയും ചിങ്ങവനത്ത് വിവരം അറിയിക്കുകയുമായിരുന്നു.എന്നാല്‍ ട്രാക്കില്‍ നിന്ന് മാറുന്നതിനിടെ ഇയാള്‍ ട്രെയിനിന്റെ മുന്‍ഭാഗത്ത് കുടുങ്ങിപ്പോയി, ചിങ്ങവനത്തെ സ്റ്റേഷനിലെത്തിയ സമയത്താണ് ജീവനക്കാരും ട്രെയിന്‍ യാത്രക്കാരും ട്രെയിനിന്റെ മുന്‍ഭാഗത്ത് കുരുങ്ങിയ നിലയില്‍ ഇയാളെ കണ്ടത്, എന്നാൽ ഇയാൾ മരിച്ചിരുന്നു. മലകുന്നം ജീരകക്കുന്ന്‌ ചേരുകളം ജോസിന്റെ മകന്‍ ലിജോ(29)യാണ്‌ മരിച്ചത്‌.

ചിങ്ങവനം പോലീസ്‌ തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം നീക്കംചെയ്‌തശേഷം ഏഴരയോടെയാണ്‌ ട്രെയിന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വിട്ടത്‌. രാവിലെ മുതല്‍ ലിജോയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന്‌ ഇവര്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ്‌ മൃതദേഹത്തിന്‌ ലിജോയുമായി സാമ്യമുള്ളതായി സംശയിച്ചത്‌. തുടര്‍ന്ന്‌, ബന്ധുക്കള്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

Similar News