വില്ലേജ് ഓഫീസിന് തീയിട്ട സംഭവം: വയോധികനെ അഭിനന്ദിച്ച് നടന്‍ ജോയ് മാത്യു

ആമ്പലൂര്‍ : ന്യായമായ പ്രതിഷേധത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് നടന്‍ ജോയ് മാത്യു. റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു…

By :  Editor
Update: 2018-05-16 00:53 GMT

ആമ്പലൂര്‍ : ന്യായമായ പ്രതിഷേധത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് നടന്‍ ജോയ് മാത്യു. റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വയോദികന്‍ വില്ലേജ് ഓഫീസിന് തീയിട്ടത്. അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എനിക്ക് ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബില്‍ രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിലെ രേഖകള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊടുത്തയാള്‍. താന്‍ കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ അപേക്ഷയുമായി വില്ലേജ് ഓഫീസില്‍ വര്‍ഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുപോയ ഹതഭാഗ്യന്‍. സഹികെട്ട് ഇദ്ദേഹം വില്ലേജ് ആപ്പീസിലെ റിക്കോര്‍ഡുകള്‍ക്ക് തീയിട്ടു.

മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ചക്കിട്ടപ്പാറ ചെമ്പനോട് കാവില്‍ പുരയിടത്തില്‍ ജോയി എന്ന കര്‍ഷകന്‍ വില്ലേജ് ഓഫീസിനു മുന്നില്‍
കെട്ടിതൂങ്ങി ജീവനൊടുക്കി. കേരളത്തില്‍ അഴിമതിക്കേസുകളില്‍ ഏറ്റവുമധികം അകപ്പെടുന്നത് റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ബാങ്ക് വായ്പ ലഭിക്കണമെങ്കില്‍, സ്വന്തം ഭൂമി വില്‍ക്കണമെങ്കില്‍ അവശ്യം വേണ്ടതായ കുടിക്കടം, സ്‌കെച്ച്, അടിയാധാരം തുടങ്ങിയ രേഖകള്‍ ലഭിക്കാന്‍ ആര്‍ക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവര്‍ക്കുമറിയാം. ഇതിന് വേണ്ടി ചെരുപ്പ്തേയും വരെ നടക്കുന്ന സാധാരണക്കാരന്‍ റിക്കോര്‍ഡുകളല്ല ആപ്പീസ് ഒന്നടങ്കം തീയിട്ടാലും അത്ഭുതപ്പെടാനില്ല.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നടത്തുന്ന ഗവണ്‍മെന്റ് എന്ത് കൊണ്ടാണ് നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്യാനോ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനോ താല്‍പ്പര്യം കാണിക്കാത്തത് എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. തങ്ങളുടെ പാര്‍ട്ടികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത് തന്നെ. ( കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്ഥരെ മറന്നു കൊണ്ടല്ല പറയുന്നത്).

ചെമ്പനോട്ടെ കര്‍ഷകന്‍ ജോയിയുടെ കൊലക്ക് ഉത്തരവാദികളായവര്‍ക്ക് വെറും സസ്പെന്‍ഷന്‍. ഗതികേട് കൊണ്ട് റിക്കോര്‍ഡുകള്‍ക്ക് തീയിട്ട എഴുപതുകാരന്‍ വൃദ്ധനു ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റും തടവും. എവിടെയാണു തീയിടേണ്ടത്?

Tags:    

Similar News