കുട്ടിക്കളികളും ഇനി മുതല്‍ നിരീക്ഷണത്തില്‍: അംഗന്‍വാടികളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും

മലപ്പുറം: പാട്ടും കളികളുമായി കുരുന്നുകള്‍ അംഗന്‍വാടികളില്‍ ആടിത്തിമര്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഇനി സി.സി.ടി.വിയില്‍ പതിയും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലുകള്‍ അംഗന്‍വാടികളില്‍നിന്നു തന്നെ…

By :  Editor
Update: 2018-05-22 04:23 GMT

മലപ്പുറം: പാട്ടും കളികളുമായി കുരുന്നുകള്‍ അംഗന്‍വാടികളില്‍ ആടിത്തിമര്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഇനി സി.സി.ടി.വിയില്‍ പതിയും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലുകള്‍ അംഗന്‍വാടികളില്‍നിന്നു തന്നെ തുടങ്ങുന്നത് മലപ്പുറം നഗരസഭയാണ്. ഡേ കെയര്‍ സെന്ററുകളുടെയും പ്ലേ സ്‌കൂളുകളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാനും നഗരസഭതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായി നഗരസഭയിലെ 64 അംഗന്‍വാടികളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. മുനിസിപ്പല്‍ ഓഫിസുമായി ഇവയെ ബന്ധിപ്പിച്ച് ഓണ്‍ലൈനായി നിരീക്ഷിക്കും. ഡേ കെയര്‍ സെന്ററുകളും പ്ലേ സ്‌കൂളുകളും എവിടെയും രജിസ്റ്റര്‍ ചെയ്യുന്നില്ല. ഇവയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കും. ഡേ കെയര്‍ സെന്റര്‍, പ്ലേ സ്‌കൂള്‍ അധികൃതരുടെ യോഗം വിളിച്ച് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശിക്കും. സ്‌കൂളുകളിലും ട്യൂഷന്‍ സെന്ററുകളിലും കുട്ടികള്‍ക്ക് പരാതിപ്പെട്ടികള്‍ വെക്കും.

സ്‌കൂളില്‍ പി.ടി.എയും ട്യൂഷന്‍ സെന്ററില്‍ സ്ഥാപനമുടമയുമാണ് പരാതിപ്പെട്ടി സ്ഥാപിക്കേണ്ടത്. ഇതിന്റെ താക്കോല്‍ നഗരസഭയില്‍ സൂക്ഷിക്കും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് മാത്രമേ തുറക്കാന്‍ അധികാരമുള്ളൂ. മൂന്ന് മാസത്തിലൊരിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സുരക്ഷ സംവിധാനങ്ങള്‍ അവലോകനം ചെയ്യും. കുട്ടികള്‍ക്ക് ദേഹോപദ്രവമുള്‍പ്പെടെ ഏല്‍ക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലും ലൈംഗികാതിക്രമങ്ങള്‍ പെരുകുന്നത് കണക്കിലെടുത്തുമാണ് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പരി അബ്ദുല്‍ മജീദ് പറഞ്ഞു.

Similar News