കോവിഡ് വ്യാപനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം
ഗുരുവായൂര്‍: കൂടുതല്‍ ജീവനക്കാരിലേക്ക് കൊവിഡ് വ്യാപിച്ചതോടെ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കി. അത്യാവശ്യം വേണ്ട ജീവനക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. നാളെ മുതല്‍…
;ഗുരുവായൂര്‍: കൂടുതല്‍ ജീവനക്കാരിലേക്ക് കൊവിഡ് വ്യാപിച്ചതോടെ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കി. അത്യാവശ്യം വേണ്ട ജീവനക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. നാളെ മുതല്‍ വിവാഹങ്ങള്‍ നടക്കില്ല. 46 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ക്ഷേത്ര നഗരി ഉള്‍പ്പെടുന്ന ഇന്നര്‍ റിംഗ് റോഡിന് ഉള്ളില്‍ വരുന്ന സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ ഭരണ സമിതി തീരുമാനിച്ചത്. ക്ഷേത്ര ചടങ്ങുകള്‍ നടക്കും. ഇന്ന് ക്ഷേത്രത്തില്‍ വിവാഹം ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടത്തിക്കൊടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാഹം അനുവദിക്കില്ല. രണ്ടാഴ്ചത്തേക്ക് വെര്‍ച്വല്‍ ക്യൂ വഴിയോ നേരിട്ടോ യാതൊരു ദര്‍ശനവും അനുവദിക്കില്ല. യാതൊരു വഴിപാടുകളും അനുവദിക്കില്ല. കുചേല ദിനം, ഭഗവതി പാട്ട് തുടങ്ങിയവ ചടങ്ങ് മാത്രമാക്കും.
ചടങ്ങുകള്‍ക്ക് അത്യാവശ്യം വേണ്ട പാരമ്പര്യ പ്രവൃത്തിക്കാരെയും ജീവനക്കാരെയും മാത്രമേ പ്രവേശിപ്പിക്കൂ. മാസത്തിലൊരിക്കല്‍ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തും. ജീവനക്കാര്‍ എല്ലാവരും മൂന്ന് പാളികളുള്ള മുഖാവരണം ധരിക്കണമെന്നത് നിര്‍ബന്ധമാക്കും. പൊതുജനങ്ങളുമായി സമ്പര്‍ക്കം വരുന്ന എല്ലാ ജീവനക്കാര്‍ക്കും ഫേസ് ഷീല്‍ഡും കൈയുറകളും നിര്‍ബന്ധമാക്കുവാനും ഭരണ സമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെ 22 ജീവനക്കാര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന ശേഷമാണ് ഭരണ സമിതി തീരുമാനമെടുത്തത്.